
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുക്കുന്നത്.
ഐജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ശ്രീജിത്തിന്‍റെ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍എറണാകുളം റൂറല്‍ എസ് പി എ വി ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു.
അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയാക്കപ്പെട്ട പൊലീസുദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിൽ തടസ്സമില്ലെന്ന് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി സസ്പെൻഷനിലാണ് പൊലീസുദ്യോഗസ്ഥർ. സർവ്വീസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പട്ട് പൊലീസുദ്യോഗസ്ഥർ കൊച്ചി റെയ്ഞ്ച് ഐജിക്ക് നൽകിയ അപേക്ഷയിലാണ് നടപടി. കുറ്റപത്രം തയ്യാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി വൈകാതെ തേടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ വച്ചുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam