
മുംബൈ:ദുബായില്‍ വച്ച് മരണപ്പെട്ട ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. മരിച്ച മൂന്നാം ദിവസമാണ് ബോളിവുഡിന്റെ പ്രിയതാരത്തിന്റെ ഭൗതികദേഹം വീട്ടില്‍ തിരിച്ചെത്തിക്കാന്‍ ഉറ്റവര്‍ക്കായത്. വിമാനത്താവളത്തിലും മുംബൈയിലെ വസതിയിലും വന്‍ജനക്കൂട്ടമാണ് ശ്രീദേവിയെ അവസാനമായി ഒരുനോക്ക് കാണുവാനെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് ലാത്തിചാര്‍ജ് നടത്തുന്ന അവസ്ഥയും അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്ക് മുന്‍പിലുണ്ടായി. ദേശീയ-പ്രാദേശിക മാധ്യമങ്ങളെല്ലാം തന്നെ ശ്രീദേവിയുടെ അന്ത്യയാത്ര റിപ്പോര്‍ട്ട് ചെയ്യുവാനായി വസതിക്ക് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്.
കത്രീന കൈഫ്, ശക്തി കപൂര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിക്കുവാനായി അന്ധേരിയിലെ വീട്ടിലേക്കെത്തി തുടങ്ങിയിട്ടുണ്ട്. നാളെ രാവിലെ 9.30 മുതല്‍ അന്ധേരിയിലെ സ്‌പോര്‍ട്‌സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വൈകിട്ട് 3.30 വിലെ പാര്‍ലെ ശ്മശാനത്തില്‍ വച്ചാണ് ശ്രീദേവിയുടെ സംസ്‌കാരചടങ്ങുകള്‍.
വിദേശത്ത് വച്ചുള്ള അസ്വാഭാവിക മരണമായതിനാല്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചത്. ഹൃദായാഘാതം കാരണം ശ്രീദേവി മരിച്ചെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകളെങ്കിലും മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് മൂന്ന് വട്ടം ചോദ്യം ചെയ്തു.
വിശദമായ അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമൊടുവില്‍ നടി ബാത്ത്ടബിലേക്ക് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് ദുബായ് പോലീസ് എത്തിയത്. ഇതോടെ അന്വേഷണം അവസാനിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കാന്‍ അനുമതി നല്‍കി. ഇത്രയും ദിവസം ദുബായിലെ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഭൗതികദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുത്തുള്ള ഉത്തരവ് ഇന്ന് ഉച്ചയ്ക്കാണ് അധികൃതര്‍ കൈമാറിയത്. തുടര്‍ന്ന് മൃതദേഹം എബ്ലാം ചെയ്ത് ദുബായ് സമയം ഉച്ചയോടെ അവിടെ നിന്നും സ്വകാര്യവിമാനത്തില്‍ ഇന്ത്യയിലേക്ക് അയച്ചു. ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി കപൂര്‍ കുടുംബത്തിലെ പ്രധാനികളെല്ലാം വിമാനത്താവളത്തിലെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam