ജിഎസ്ടിയില്‍ വീഴ്ച വരുത്തി കേരളം; നികുതിദായകരുടെ അധികാരപരിധി നിശ്ചയിച്ചില്ല

By Web DeskFirst Published Dec 15, 2017, 10:26 AM IST
Highlights

തിരുവനന്തപുരം:  ചരക്ക് സേവന നികുതി നടത്തിപ്പിലെ പാളിച്ചയുടെ പേരില്‍ കേന്ദ്രത്തെ പഴിചാരുന്ന ധനവകുപ്പ് ജിഎസ്ടിയുടെ പ്രാഥമിക നടപടികളിലും വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്. നികുതിദായകരുടെ അധികാരപരിധി ആര്‍ക്കെന്ന് നിര്‍ണ്ണയിച്ച് കേരളം വിജ്ഞാപനം ഇറക്കിയിട്ടില്ല. നികുതിവെട്ടിപ്പ് തടയുന്നതിന് ഉദ്യോഗസ്ഥരുടെ അധികാരപരിധി നിശ്ചയിക്കേണ്ടത് പ്രധാനമായിരിക്കുമ്പോളാണ് ധനവകുപ്പിന്റെ വീഴ്ച.

ജിഎസ്ടി രജിസ്ട്രേഷനെടുത്ത നികുതിദായകരുടെ ചുമതല കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി വിഭജിക്കണമെന്ന് ജിഎസ്ടി നിയമത്തില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും ഏതാനും സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയെങ്കിലും കേരളം മെല്ലെപ്പോക്ക് തുടരുകയാണ്. ഒന്നര കോടിയില്‍ താഴെ വിറ്റുവരവുളളവരില്‍ 90 ശതമാനം പേര്‍ സംസ്ഥാന ജിഎസ്ടിക്കു കീഴിലും 10 ശതമാനം പേര്‍ കേന്ദ്ര ജിഎസ്ടിക്കു കീഴിലുമാണെന്ന് ചട്ടങ്ങളില്‍ പറയുന്നു. ഒന്നര കോടിക്കു മുകളില്‍ വിറ്റുവരവുളളവരെ ചുമതല 50:50എന്ന അനുപാതത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമാണ്. എന്നാല്‍ വിജ്ഞാപനം ഇറക്കാത്തതിനാല്‍ ചുമതല കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.

ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസ കാര്യവും എങ്ങുമെത്തിയിട്ടില്ല. ചെക്പോസ്റ്റുകള്‍ നിര്‍ത്തലാക്കിയതോടെ ആ ജോലിയില്‍നിന്നു മാറിയവരില്‍ ഒരു വിഭാഗത്തെ വാഹനപരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഇതല്ലാതെ വാണിജ്യ നികുതി വകുപ്പിലെ വലിയൊരു വിഭാഗത്തിനും ഇപ്പോള്‍ കാര്യമായ ജോലികളില്ല. ഒരു ഭാഗത്ത് നികുതിച്ചോര്‍ച്ച തുടരുമ്പോള്‍ മറുഭാഗത്ത് കാര്യങ്ങള്‍ കലങ്ങിത്തെളിയട്ടെ എന്ന നിലപാടിലാണ് വാണിജ്യ നികുതി വിഭാഗം. കേന്ദ്രത്തെ പഴിപറഞ്ഞ് കേരളം കാലം കഴിക്കുന്നത് സഹായകരമാകുന്നത് നികുതിവെട്ടിപ്പ്കാര്‍ക്കാണ്. 
 

click me!