സൈനികന്‍റെ കുടുംബത്തിന് തുണയായി സര്‍ക്കാര്‍; വസന്തകുമാറിന്‍റെ ഭാര്യക്ക് ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കും

By Web TeamFirst Published Feb 17, 2019, 12:43 PM IST
Highlights

വസന്തകുമാറിന്‍റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ജോലിയിൽ  സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തിൽ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്‍റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. വസന്തകുമാറിന്‍റെ ഭാര്യക്ക് ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് വയനാട് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയ മന്ത്രി എ കെ ബാലന്‍ അറിയിച്ചു. 

വസന്തകുമാറിന്‍റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ജോലിയിൽ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തിൽ ആക്കുന്നതും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിക്കുകയായിരുന്നു. 

ഫെബ്രുവരി 19ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ ഇക്കാര്യം തീരുമാനമാകും. കുടുംബത്തിനു നൽകുന്ന സർക്കാർ സഹായങ്ങളെ കുറിച്ചും 19ന് തീരുമാനിക്കുമെന്ന് എ കെ ബാലൻ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 20 ന് വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കും. 

സിആര്‍പിഎഫ് ഹവീല്‍ദാര്‍ വസന്ത് കുമാറിന്‍റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍  ഇന്നലെ രാത്രിയോടെയാണ് ലക്കിടിയിലെ സമുദായ ശ്മശാനത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കരിച്ചത്. മന്ത്രിമാരടക്കമുള്ള ഉന്നതരാഷ്ട്രീയ നേതാക്കളെ കൂടാതെ ആയിരക്കണക്കിന് പേര്‍ രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ ധീരസൈനികന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

കരിപ്പൂർ വിമാനത്താവളം മുതൽ തൃക്കൈപ്പറ്റയിലെ പൊതുശ്മശാനം വരെ ജന്മനാട്ടിലെ വസന്തകുമാറിന്റെ അവസാനയാത്രയിലുടനീളം ആയിരങ്ങളാണ് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച വസന്തകുമാറിന്‍റെ മൃതദേഹം ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. 

മന്ത്രിമാരായ കെടി ജലീല്‍, എകെ ശശീന്ദ്രന്‍, എംപിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എംഎല്‍എമാരായ ഷാഫി പറമ്പിൽ, അബ്ദുൾ ഹമീദ്, സികെ ശശീന്ദ്രൻ എന്നിവർ വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി കെടി ജലീലും ​ഗവർണർക്ക് വേണ്ടി മലപ്പുറം ജില്ലാ കളക്ടറും മൃതദേഹത്തിൽ റീത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു. 

click me!