സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ ഇന്ന് തുടക്കം

By Web TeamFirst Published Dec 7, 2018, 6:58 AM IST
Highlights

മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി   അപ്പീലുകളുടെ പ്രളയമില്ലെന്നതും ഈ വര്‍ഷത്തെ കലോത്സവത്തിന്‍റെ പ്രത്യേകതയാണ്.  ഇത് വരെ കിട്ടിയത് ആകെ 250   അപ്പീലുകൾ മാത്രമാണ്. 

ആലപ്പുഴ: അൻപത്തിഒമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം. രാവിലെ 8.45ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹന്‍കുമാര്‍ കൗമാര കലാമേളയ്ക്ക് പതാക ഉയർത്തും. 59 വിദ്യാർഥികൾ മണ്‍ചെരാതു തെളിയിക്കും. 29 വേദികളിലായാണ് ഇത്തവണ മത്സരം നടക്കുന്നത്. 

ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, ഹൈസ്കൂൾ പെൺകുട്ടികളുടെ കേരള നടനം, ഹൈസ്കൂൾ ആൺകുട്ടികളുടെ ഭരതനാട്യം, കുച്ചുപ്പുടി അടക്കം 62 ഇനങ്ങളിൽ ആദ്യ ദിനം മത്സരം നടക്കും. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ അപ്പീലുകളുടെ പ്രളയമില്ലെന്നതും ഈ വര്‍ഷത്തെ കലോത്സവത്തിന്‍റെ പ്രത്യേകതയാണ്.  ഇത് വരെ കിട്ടിയത് ആകെ 250 അപ്പീലുകൾ മാത്രമാണ്. 

പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അൻപത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്. 

സ്വാഗതഘോഷയാത്രയോ വൻസമാപനസമ്മേളനമോ കൂറ്റൻ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളിൽ പ്രധാനവേദിയുൾപ്പടെ പലതും ഒരുക്കിയത് സ്പോൺസർഷിപ്പ് വഴിയാണ്. വലിയ ആർഭാടങ്ങളില്ലാതെ കലോത്സവത്തിന്‍റെ ഭക്ഷണവേദിയുടെ പാലുകാച്ചൽ ചടങ്ങ് പ്രധാനവേദിയിൽ രാവിലെ പതിനൊന്ന് മണിയോടെ നടന്നു. 

മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്‍റെ സ്വാഗതസംഘം അധ്യക്ഷൻ. ആർഭാടങ്ങളില്ലെങ്കിലും ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകപ്പുരയുണ്ട് കലോത്സവവേദിയിൽ. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്. 
 

click me!