
കാസര്‍കോട്: കാഞ്ഞങ്ങാട് രാവണേശ്വരത്ത് വീട്ടമ്മയെ കഴുത്ത് മുറുക്കി ബോധരഹിതയാക്കിയശേഷം വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ചായക്കട ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ വേലാശ്വരത്തെ പച്ചിക്കാരന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണനാണ് (55) തൂങ്ങി മരിച്ചത്.
ഇയാളുടെ ഹോട്ടലിന് മുന്നിലുള്ള റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് വേലായുധന്റെ ഭാര്യ ജാനകിയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിന് വെളിയിലിറങ്ങിയപ്പോള്‍ കഴുത്തില്‍ കയറിട്ടു മുറുക്കി ബോധരഹിതയാക്കി അകത്ത് മേശയിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സമീപപ്രദേശങ്ങളിലുള്ള നിരവധി അന്യസംസ്ഥാന തൊഴിലാളികളെയടക്കം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ നിന്നും ലഭിച്ച ചില സൂചനകളെ തടര്‍ന്ന് കുഞ്ഞിക്കണ്ണന്‍ നിരീക്ഷണത്തിലായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ ഇന്നലെ രാവിലെ ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചത്. എസ്പി ഓഫീസില്‍ പോകേണ്ടതുകൊണ്ട് ചായക്കട തുറക്കുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും രാവിലെ കട വൃത്തിയാക്കാനാണെന്നും പറഞ്ഞ് പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നപ്പോള്‍ മകന്‍ അന്വേഷിച്ചെത്തിയപ്പോള്‍ കടയില്‍ കാണാത്തതിനെ തുടര്‍ന്നു പറമ്പില്‍ നടത്തിയ തിരച്ചിലിലാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കുഞ്ഞിക്കണ്ണനെ കണ്ടെത്തിയത്.
കുഞ്ഞിക്കണ്ണന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു. കുഞ്ഞിക്കണ്ണന്റെ കടയിലും പരിസരത്തെ പറമ്പിലും പോലീസ് പരിശോധന നടത്തി. ഡിവൈഎസ്പി കെ.ദാമോധരന്‍, സിഐ സി.കെ.സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ എ.സന്തോഷ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam