ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തു

By Web DeskFirst Published May 24, 2016, 1:50 PM IST
Highlights

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തു. വിമത എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് റാവത്തിനെ സിബിഐ ചോദ്യം ചെയ്തു.

ഉത്തരാഖണ്ഡിൽ കോൺഗ്രസിന്‍റെ ഒന്പത് എംഎൽഎമാർ ഹരീഷ് റാവത്ത് സർക്കാരിനെതിരെ വിമതരായി രംഗത്തെത്തിയതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിൽ സംസ്ഥാനത്ത് രാഷ്‍ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വിമത എംഎൽഎമാർക്ക് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ എംഎൽഎമാരാണ് പുറത്തുവിട്ടത്. കേസന്വേഷിക്കുന്ന സിബിഐ റാവത്തിനെ ദില്ലിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. നേരത്തെ രണ്ട് തവണ സിബിഐ സമൻസ് അയച്ചിരുന്നെങ്കിലും റാവത്ത് ഹാജരായിരുന്നില്ല. എന്നാൽ പല ചോദ്യങ്ങൾക്കും റാവത്ത് പൂർണമായി ഉത്തരം നൽകിയില്ലെന്നാണ് സൂചന. കൂടുതൽ ചോദ്യം ചെയ്യാനായി ജൂൺ ഏഴാം തിയ്യതി ഹാജരാകണമെന്നു കാണിച്ച് സിബിഐ റാവത്തിന് വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പിൽ തോറ്റ ബിജെപി നേതൃത്വം രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് റാവത്ത് ആരോപിച്ചു. താൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആരോപണം റാവത്ത് നിഷേധിച്ചു.

click me!