പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ സംസാരിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാനും ഇരു നേതാക്കളും തീരുമാനിച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നിർണായക ഫോൺ ചർച്ച നടത്തി. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വരും വർഷങ്ങളിൽ കൂടുതൽ കരുത്തുറ്റതാക്കാൻ പരിശ്രമിക്കാമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. പുതുവർഷത്തോടനുബന്ധിച്ച് നെതന്യാഹവിനും ഇസ്രയേൽ ജനതക്കും നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച വഴികൾ ചർച്ചയിൽ ഉയർന്നുവന്നെന്നും മോദി എക്സിൽ കുറിച്ചു. നെതന്യാഹുവിനെ മൈ ഫ്രണ്ട് എന്നാണ് മോദി എക്സ് കുറിപ്പിൽ വിശേഷിപ്പിച്ചത്. ഭീകരവാദത്തിനെതിരെ ദൃഢനിശ്ചയത്തോടെ പോരാടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചെന്നും മോദി വ്യക്തമാക്കി.
ഇന്ത്യ - ഇസ്രയേൽ ബന്ധം കൂടുതൽ ദൃഢമാകും
മേഖലാപരമായ സാഹചര്യങ്ങളെക്കുറിച്ചും പശ്ചിമേഷ്യയിലെ നിലവിലെ അവസ്ഥയെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും, കൂടുതൽ നിശ്ചയദാർഢ്യത്തോടെ ഭീകരതയെ നേരിടുമെന്നും മോദിയും നെതന്യാഹുവും തമ്മിലുള്ള ചർച്ചയിൽ വീണ്ടും ഊട്ടിയുറപ്പിച്ചു. വരും വർഷങ്ങളിൽ ഇന്ത്യ - ഇസ്രയേൽ ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് കുറിപ്പിലൂടെ വ്യക്തമാക്കി.


