ഫ്ലാഗ് ഓഫ് ചെയ്യാൻ ദിനങ്ങൾ മാത്രം ബാക്കി; രാജ്യത്തെ ആദ്യ എഞ്ചിൻ രഹിത തീവണ്ടിക്ക് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

By Web TeamFirst Published Dec 21, 2018, 10:09 AM IST
Highlights

പരീക്ഷണ ഓട്ടം നിരീക്ഷിക്കാന്‍  കോച്ച് ഫാക്ടറി ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍ ശ്രീനിവാസ് അടക്കമുള്ളവര്‍ ട്രെയിന്‍ 18 ല്‍ സന്നിഹിതരായിരുന്ന സമയത്താണ് കല്ലേറുണ്ടായത്.

ദില്ലി: പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ രാജ്യത്തെ ആദ്യ എഞ്ചിൻ രഹിത തീവണ്ടിയായ 'ട്രെയിൻ18'ന് നേരെ കല്ലേറ്. ഡിസംബർ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൽ ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കെയാണ് തീവണ്ടിയുടെ ചില്ലെറിഞ്ഞ് തകര്‍ത്തത്. കഴിഞ്ഞ ദിവസം ദില്ലിക്കും ആഗ്രക്കുമിടയിൽ 180 കിലോ മീറ്റര്‍ വേഗതയില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിനിടെയാണ് കല്ലേറ് നടന്നത്. വാരണാസി മുതല്‍ ദില്ലി വരെയാണ് ട്രെയിന്‍ 18 സര്‍വ്വീസ് നടത്തുക.'

പരീക്ഷണ ഓട്ടം നിരീക്ഷിക്കാന്‍  കോച്ച് ഫാക്ടറി ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍ ശ്രീനിവാസ് അടക്കമുള്ളവര്‍ ട്രെയിന്‍ 18 ല്‍ സന്നിഹിതരായിരുന്ന സമയത്താണ് കല്ലേറുണ്ടായത്.  തീവണ്ടിയുടെ ജനല്‍ ചില്ലുകള്‍ കല്ലേറിൽ തകര്‍ന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കല്ലേറ് നടത്തിയാളെ എത്രയും വേഗം പിടികൂടാൻ സാധിക്കുമെന്ന് കരുതുന്നതായി ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മനു മാധ്യമങ്ങളോട് വിശദമാക്കി.

ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് ട്രെയിന്‍-18 ഓടി തുടങ്ങുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. പരമാവധി 180 കിലോ മീറ്റര്‍ വേഗതയില്‍ ഓടുന്ന തീവണ്ടിയുടെ നിർമ്മാണ ചെലവ് നൂറ് കോടി രൂപയാണ്. വൈഫൈ, ജി പി എസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടച്ച് ഫ്രീ ബയോ-വാക്വം ടൊയ്‌ലറ്റ്, എല്‍ ഇ ഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങി മികച്ച സൗകര്യങ്ങളോടു കൂടിയാണ്  ട്രെയിന്‍ നിർമ്മിച്ചിരിക്കുന്നത്.

രാവിലെ ആറുമണിക്ക് ദില്ലിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരണാസിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് ട്രെയിന്‍ 18 ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം 2.30ന് വാരണാസിയില്‍ നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 10.30യ്ക്ക് ദില്ലിയിൽ എത്തും.

click me!