'അമ്മ ലൈംഗികത്തൊഴിലാളിയാണെന്ന് കൂട്ടുകാരറിഞ്ഞതോടെ അവള്‍ ജീവിതമവസാനിപ്പിച്ചു'; ബില്‍ ഗേറ്റ്‌സിനെ കരയിച്ച ആ കഥ...

By Web TeamFirst Published Dec 2, 2018, 12:05 PM IST
Highlights

താന്‍ ലൈംഗികത്തൊഴിലാളിയാണെന്ന സത്യം സ്വന്തം മകളില്‍ നിന്ന് മറച്ചുപിടിച്ച ഒരമ്മ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ ഇക്കാര്യമറിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ഒരിക്കല്‍ അവരുടെ ആ ഭയം യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്തു.
 

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരിലൊരാളായ ബില്‍ ഗേറ്റ്‌സിനെ കരയിച്ച 'ലൈംഗികത്തൊഴിലാളിയുടെ കഥ' പറഞ്ഞ് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ എയ്ഡ്‌സ് നിവാരണ പദ്ധതിയുടെ തലവനായിരുന്ന അശോക് അലക്‌സാണ്ടര്‍. തന്റെ പുസ്തകത്തിലൂടെയാണ് പത്ത് വര്‍ഷത്തോളം ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അശോക് ആ കഥ പറഞ്ഞത്.

ഫൗണ്ടേഷന്റെ പരിപാടികളുടെ ഭാഗമായാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് നിരവധി ലൈംഗികത്തൊഴിലാളികളുമായി ഇവര്‍ സംസാരിച്ചു. ഈ കൂടിക്കാഴ്ചയ്ക്കിടെ നടന്ന സംഭവമാണ് അശോക് തന്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്. 

'ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ നിരന്നിരിക്കുന്ന തറയില്‍ അവര്‍ രണ്ടുപേരും കാലുകള്‍ പിണച്ചുവച്ച് ഇരുന്നു. ഓരോ സ്ത്രീകളും തങ്ങളുടെ കഥകള്‍ അവരോട് വിശദീകരിച്ചു. ദുരിതങ്ങളുടെയും മാറ്റിനിര്‍ത്തലുകളുടെയും ദാരിദ്ര്യത്തിന്റെയും കഥകളായിരുന്നു ഏറെയും... ചിലതില്‍ മാത്രം പ്രതീക്ഷകളുടെ നേരിയ തിരി അപ്പോഴും കത്തിയിരുന്നു.'- അശോക്  കുറിച്ചു. 

ഇതിനിടെ ബില്‍ ഗേറ്റ്‌സിനോട് തന്റെ ജീവിതത്തെ കുറിച്ച് പറയുകയായിരുന്നു ഒരു സ്ത്രീ. താന്‍ ലൈംഗികത്തൊഴിലാളിയാണെന്ന സത്യം സ്വന്തം മകളില്‍ നിന്ന് മറച്ചുപിടിച്ച ഒരമ്മ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ ഇക്കാര്യമറിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ഒരിക്കല്‍ അവരുടെ ആ ഭയം യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്തു. മകള്‍ ആ സത്യം തിരിച്ചറിഞ്ഞു. അവള്‍ മാത്രമല്ല, അവളുടെ സ്‌കൂളിലെ കൂട്ടുകാരും. കൂട്ടുകാരുടെ കുത്തുവാക്കുകളും പരിഹാസവും താങ്ങാനാകാതെ വൈകാതെ അവള്‍ വിഷാദിയായി. 

'ഒരുദിവസം അവര്‍ കണ്ടു, മുറിയിലെ ഫാനില്‍ തൂങ്ങിയാടുന്ന മകളെ. തൊട്ടടുത്ത് നിന്ന് അവളെഴുതിയ കുറിപ്പും കിട്ടി. ഇനിയും ഇത് താങ്ങാനാകില്ലെന്നായിരുന്നു അവളുടെ അവസാനവാചകം. കഥ പറഞ്ഞുതീരുമ്പോള്‍ എന്റെ തൊട്ടടുത്തിരുന്ന് നിശബ്ദനായി തല താഴ്ത്തി കരയുകയായിരുന്നു, ബില്‍... '- അശോക് എഴുതി. 

'എ സ്‌ട്രെയ്ഞ്ചര്‍ ട്രൂത്ത്: ലെസണ്‍സ് ഇന്‍ ലവ്, ലീഡര്‍ഷിപ്പ് ആന്റ് കറേജ് ഫ്രം ഇന്ത്യാസ് സെക്‌സ് വര്‍ക്കേഴ്‌സ്'  (A Stranger Truth: Lessons in Love, leadership and Courage from India's Sex Workers) എന്ന പുസ്തകത്തിലൂടെയാണ് അശോക് അലക്‌സാണ്ടര്‍ തന്റെ നീണ്ട കാലത്തെ സാമൂഹ്യപ്രവര്‍ത്തനത്തെ കുറിച്ചും, അതില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വഹിച്ച പങ്കിനെ കുറിച്ചുമെല്ലാം എഴുതിയിരിക്കുന്നത്. ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതവും എയ്ഡ്‌സ് രോഗത്തെ ഇന്ത്യ ഏതെല്ലാം രീതിയില്‍ ചെറുത്തുവെന്നും അശോക് തന്റെ പുസ്തകത്തിലൂടെ വിശദമാക്കുന്നു.

click me!