
പാലക്കാട്: വാളയാറിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ഇന്നലെ വൈകീട്ടാണ് അട്ടപ്പള്ളം എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ശരണ്യയുടെ മൃതദേഹം വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.
അപ്രതീക്ഷിതമായ മരണവാർത്ത കേട്ടതിന്‍റെ ഞെട്ടലിൽ നിന്ന് അട്ടപ്പള്ളം ഗ്രാമം മുക്തമായിട്ടില്ല. 8 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടി തനിക്കെത്താത്ത ഉയരത്തിൽ തൂങ്ങി മരിക്കുന്നതെങ്ങനെയെന്നാണ് നാട്ടുകാരും ബന്ധുക്കളും ചോദിക്കുന്നത്. 54 ദിവസം മുൻപ് മാത്രം ഇതേ സ്ഥലത്ത് ശരണ്യയുടെ ചേച്ചി ഹൃതികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത് സംശയം ഇരട്ടിപ്പിക്കുന്നു.
അച്ഛനും അമ്മ ഭാഗ്യവതിയും ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇവർ താമസിക്കുന്ന ഷെഡ്ഡിനുള്ളിൽ ശരണ്യ തൂങ്ങി നൽക്കുന്ന നിലയിൽ കണ്ടത്. അടുത്തടുത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് കുട്ടികൾ മരിച്ചതിന്‍റെ ആശങ്കയിലാണ് പ്രദേശവാസികൾ.
ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. എ എസ്‍പി പൂങ്കുഴലിയാണ് കേസന്വേഷിക്കുന്നത്. ദുരൂഹതയുള്ള സാഹചര്യത്തിൽ ശരണ്യയുടെ ചേച്ചി ഹൃതികയുടെ മരണം പുനരന്വേഷിക്കാൻ ജില്ലാ പോലീസ് സൂപ്രണ്ട് എഎസ്‍പിക്ക് നിർദ്ദേശം നൽകി.
ശരണ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചന്ദ്രനഗർ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam