ഹിജാബ് ഊരി മാറ്റാൻ വിസമ്മതിച്ചു; വിദ്യാർത്ഥിനിയെ നെറ്റ് പരീക്ഷ എഴുതാൻ അനുവദിക്കാതെ അധികൃതർ

By Web TeamFirst Published Dec 22, 2018, 11:43 PM IST
Highlights

ഡിസംബർ 18ന് പനാജിയിൽ നെറ്റ് പരീക്ഷ എഴുതാൻ എത്തിയ ജാമിയ ഇസ്ലാമിയ സർവകലാശാലയിലെ എംബിഎ ബിരുദ വിദ്യാർത്ഥി ഉമയ ഖാനെയാണ് ഹിജാബ് ഊരി മാറ്റാൻ തയ്യാറാകാത്തത് മൂലം പരീക്ഷ എഴുതാൻ അധികൃതർ അനുവദിക്കാതിരുന്നത്. 

പനാജി: ഹിജാബ് ഊരി മാറ്റാൻ വിസമ്മതിച്ച വിദ്യാർത്ഥിനിയെ നെറ്റ് പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. ഡിസംബർ 18ന് പനാജിയിൽ നെറ്റ് പരീക്ഷ എഴുതാൻ എത്തിയ ജാമിയ ഇസ്ലാമിയ സർവകലാശാലയിലെ എംബിഎ ബിരുദ വിദ്യാർത്ഥി ഉമയ ഖാനെയാണ് ഹിജാബ് ഊരി മാറ്റാൻ തയ്യാറാകാത്തത് മൂലം പരീക്ഷ എഴുതാൻ അധികൃതർ അനുവദിക്കാതിരുന്നത്. യൂണിവേഴ്സിറ്റിയിൽ ലക്ചർ തസ്തികയിലേക്ക് യോഗ്യത നേടുന്നതിനും, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിന് വേണ്ടിയും യുജിസി നടത്തുന്ന യോഗ്യത പരീക്ഷയാണ് നെറ്റ്. 

"നെറ്റ് പരീക്ഷ എഴുതുന്നതിനായി രോഹിനി ഏരിയയിൽ എത്തിയതായിരുന്നു. എന്നാൽ ഹിജാബ് ധരിച്ചെത്തിയതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ വാദം. തുടർന്ന് മുതിർന്ന ഉദ്യോ​ഗസ്ഥരെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നെങ്കിലും അനുവാദം നൽകിയില്ലെന്നും" യുവതി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

പരീക്ഷ ഹാളിൽ പ്രവേശിക്കുന്നതിന് ആവശ്യമായ തിരിച്ചറിയൽ രേഖകളെല്ലാം അധികൃതരെ കാണിച്ചു. ഹിജാബ് മാറ്റിയാൽ‌ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് അധികൃതർ ആഞ്ജാപിക്കുകയായിരുന്നു. എന്നാൽ ഹിജാബ് മത വിശ്വാസങ്ങളുടെ ഭാഗമാണെന്നും ഊരി മാറ്റുന്നത് വിശ്വാസത്തിന് എതിരാണെന്നും തന്നെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും പറഞ്ഞിരുന്നെങ്കിലും അധികൃതർ ചെവികൊണ്ടില്ലെന്നും ഉമയ പറയുന്നു. 

സംഭവത്തെക്കുറിച്ച് യുജിസിക്ക് എഴുതിയിട്ടുണ്ട്. യുജിസിയുടെ ഭാ​ഗത്തുനിന്ന് വേണ്ട നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഉമയ വ്യക്തമാക്കി. അതേസയമം, ഇത്തരം സംഭവങ്ങൾ ഉമയ മാത്രമല്ല, മറ്റ് പെൺകുട്ടികളും നേരിടുന്നുണ്ടെന്ന് ഉമയയുടെ സഹോദരൻ മുഹമ്മദ് സഹീദ് അഫ്സൽ പറഞ്ഞു. ഉന്നത വിദ്യാഭ്യസത്തിന്റെ കാര്യത്തിൽ മുസ്ലീങ്ങൾ വളരെ പുറകിലാണ്. എന്നാൽ എപ്പോഴാണോ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നത് അപ്പോഴോക്കേ ഇങ്ങനെയാണ് അധികൃതർ നമ്മളെ പരിചരിക്കുകയെന്നും അഫ്സൽ പറയുന്നു. 
 
ഉമയയ്ക്കുണ്ടായ മോശം അനുഭവത്തിനെതിരെ ജാമിയ ഇസ്ലാമിയ സർവകലാശാലയിലെ പ്രഫസർ അമീറുൾ ഹസൻ അൻസാരി രം​ഗത്തെത്തി. വിദ്യാഭ്യാസവും പരീക്ഷ എഴുതുമൊക്കെ എല്ലാ വിദ്യാർത്ഥികളുടേയും അവകാശമാണ്. എന്നാൽ ഏതെങ്കിലും മത വിശ്വാസങ്ങളുടെ ഭാഗമാണെന്ന് കരുതി അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും അമീറുൾ ഹസൻ അൻസാരി പറഞ്ഞു. 
  


 

click me!