ബുള്ളറ്റ് ട്രെയിന്‍ വേണ്ട, റെയില്‍വേ നന്നാക്കിയാല്‍ മതി: പ്രധാനമന്ത്രിയോട് 12-ാം ക്ലാസുകാരി

By Web DeskFirst Published Oct 1, 2017, 11:08 AM IST
Highlights

മുംബൈ: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ  അഭിസംബോധന ചെയ്ത് വിദ്യാര്‍ത്ഥിയുടെ ഓണ്‍ലൈന്‍ നിവേദനം. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ ദുരന്തത്തില്‍ റെയില്‍വേയ്ക്കെതിരെ വ്യാപകമായ പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിയുടെ നിവേദനം ശ്രദ്ധ നേടുന്നത്.

മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ദുരന്തമുണ്ടായ അന്നു തന്നെയാണ് പെറ്റീഷന്‍ പ്ലാറ്റ്ഫോമായ ചെയ്ഞ്ച്. ഒആര്‍ജി വഴി 12-ാം ക്ലാസുകാരിയായ ശ്രേയ ചവാന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത്. ബുള്ളറ്റ് ട്രെയിന്‍ അല്ല പകരം നല്ല റെയില്‍വേയാണ് ഞങ്ങള്‍ക്ക് ആവശ്യമെന്ന് നിവേദനത്തില്‍ ശ്രേയ കുറിച്ചിരിക്കുന്നു. വെള്ളിയാഴ്ച്ച വെകിട്ട് സമര്‍പ്പിച്ച നിവേദനത്തില്‍ വെറും 24 മണിക്കൂറിനുള്ളില്‍ 4327 പേരാണ് ഒപ്പിട്ടത്. 

കണക്കുകള്‍ പ്രകാരം മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ദിവസവും ഒന്‍പത് ആളുകള്‍ മരണപ്പെടുന്നുണ്ട്.മുംബൈ ബുള്ളറ്റ് ട്രെയിനായി അനുവദിച്ചിരിക്കുന്ന ഫണ്ടുകള്‍ ലോക്കല്‍ ട്രെയിനുകള്‍ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കാനാണ് ശ്രേയ ആവശ്യപ്പെടുന്നത്. പത്തു ദിവസങ്ങള്‍ക്കു മുമ്പ് തന്‍റെ സുഹൃത്തിനെ മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശ്രേയയ്ക്ക് നഷ്ടപ്പെട്ടിരുന്നു. കോളേജില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടി ട്രെയിനില്‍ നിന്നു വീണു മരണപ്പെടുകയായിരുന്നു. 

ട്രെയിനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിനാണ് ബുള്ളറ്റ് ട്രെയിന്‍ എന്നാണ് ശ്രേയയുടെ ചോദ്യം . സുഹൃത്തിന്‍റെ മരണവും, എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ മേല്‍പ്പലത്തിലെ ദുരന്തവും ശ്രേയയേും സുഹൃത്ത് തന്‍വിയെയും ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ നിവേദനത്തിനു പ്രേരിപ്പിക്കുകയായിരുന്നു.

click me!