ജിഷ്‌ണുവിന്റെ മരണം: വിദ്യാര്‍ത്ഥി പ്രതിഷേധം തുടരും

By Web DeskFirst Published Jan 13, 2017, 1:08 AM IST
Highlights

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി  ജിഷ്ണു മരിച്ച സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ മൂന്നു പേരെ സസ്‌പെന്റ് ചെയ്‌തെങ്കിലും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സസ്പന്‍ഷന്‍ നടപടി മാനെജ്‌മെന്റിന്റെ കുറ്റസമ്മതമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എ എസ് പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു മണിക്കൂറിലേറെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തു. മാനേജ്‌മെന്റ്  അസോസിയേഷന്‍ ഭാരവാഹികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും.

ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം മാനേജ്മെന്റ് വിശദീകരിച്ചത് കോപ്പിയടി പിടിച്ചതിലുള്ള മനോവിഷമം മൂലമാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം റിപ്പോര്‍ട്ട് ശേഖരിക്കാന്‍ കോളേജിലെത്തിയ സാങ്കേതിക സര്‍വ്വകലാശാലാ സംഘം കോപ്പിയടിച്ചതായി റിപ്പോര്‍ട്ടില്ലെന്ന് വ്യക്തമാക്കി. തൊട്ടുപിന്നാലെ കേസന്വേഷണം ഇരിങ്ങാലക്കുട എഎസ്‌പി കിരണ്‍ നാരായണനെ ഏല്‍പ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ  സഞ്ജിത് കെ. വിശ്വനാഥന്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ ജിഷ്ണുവിന്റെ സഹപാഠികള്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

ഇതോടെയാണ് ജിഷ്ണുവിന്റെ മരണം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ മൂന്നുപേര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാനെജ്‌മെന്റ് നിര്‍ബന്ധിതമായത്. എന്നാല്‍ നടപടിയില്‍ തൃപ്തരല്ലെന്നും മാനെജ്‌മെന്റിനെതിരായ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. അധ്യാപകന്‍ പ്രവീണിന്റെ മൊഴിരേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ സാങ്കേതിക സര്‍വ്വകലാശാലാ സംഘത്തിന്റെ റിപ്പോര്‍ട്ട് വൈകും. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് രജിസ്ട്രാര്‍ ഡോ. പത്മകുമാര്‍ അറിയിച്ചു. അതിനിടെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. കോളെജിലും ഹോസ്റ്റലിലുമെത്തി തെളിവെടുപ്പ് നടത്തി. പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു.

 

click me!