
ഉത്തർപ്രദേശ്: പ്രയാഗ് രാജ് ജില്ലയിലെ ഭഡിവാർ ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ കന്നുകാലികളെ കെട്ടിയിട്ട് കര്‍ഷകര്‍. തെരുവില്‍ അലയുന്ന കന്നുകാലികളെക്കൊണ്ട് പൊറുതിമുട്ടിയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നു. അകത്തിരുന്ന് പഠിക്കേണ്ട കുട്ടികള്‍ ഗേറ്റിന് പുറത്തിരുന്നാണ് പഠിക്കുന്നത്. തെരുവിൽ അലഞ്ഞു നടന്ന നൂറിലധികം കന്നുകാലികളെയാണ് ഈ സ്കൂളിനുള്ളിൽ കർഷകർ കൊണ്ടുവന്ന് കെട്ടിയിരിക്കുന്നത്. താൻ സ്കൂളിലെത്തിയപ്പോൾ ക്ലാസ്മുറിക്കുള്ളിൽ കന്നുകാലികളും കുട്ടികളെല്ലാം ഗേറ്റിന് പുറത്തും ഇരിക്കുന്ന കാഴ്ചയാണ് കണ്ടെതെന്ന് സ്കൂൾ പ്രിൻസിപ്പൽ കമലേഷ് സിംഗ് പറയുന്നു.
സ്കൂൾ ഗേറ്റ് പൂട്ടി അതിന് പുറത്ത് വടികളുമായി ക്ഷുഭിതരായ ഗ്രാമീണ കർഷകർ കാവലിരിക്കുകയാണെന്നും കമലേഷ് കൂട്ടിച്ചേർക്കുന്നു. നാൽപതിലധികം കുട്ടികളാണ് പുറത്തുള്ളത്. ഗേറ്റ് തുറന്ന് അകത്ത് കടക്കാൻ ആരെയും അനുവദിക്കാതെയാണ് ഗ്രാമീണർ പുറത്ത് കാവലിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രാമീണരുടെ ഏക്കർ കണക്കിന് കാർഷിക വിളകളാണ് ഇവ തിന്നു നശിപ്പിച്ചത്.
കന്നുകാലികളെക്കൊണ്ടുള്ള ശല്യം സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടത്തെ പ്രദേശവാസികൾ. ഇവയ്ക്കെതിരെ പരാതി നൽകാനും കഴിയുന്നില്ല. കർഷകരാണ് ഇവയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നത്. അതിനാൽ കന്നുകാലികളെ സ്കൂളിൽ കെട്ടിയിടാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നു എന്നാണ് ഗ്രാമീണരുടെ വാദം.
സ്കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന്റെ പേരിൽ ഗ്രാമീണർക്കെതിരെ കേസെടുത്തതായി ജില്ലാ മജിസ്ട്രേറ്റ് വെളിപ്പെടുത്തി. ജനുവരി 10 മുതൽ തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലികളെ ഗോ സംരക്ഷണ കേന്ദ്രങ്ങളിൽ എത്തിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. ഇവ മൂലം കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ല എന്നുറപ്പ് വരുത്താൻ ജില്ലാ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam