
രാംപുര്‍: കൂട്ട മാനഭംഗത്തിന് ഇരയായി സഹായം അപേക്ഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട്, കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നു പൊലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശ് രാംപുരിലെ ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ നടന്ന രാജ്യത്തെ ഞെട്ടിച്ച സംഭവം ടൈസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്‍തത്.
മുപ്പത്തിയേഴുകാരിയായ സ്ത്രീക്കാണു ദുരനുഭവം. രണ്ടുപേരാല്‍ പീഡിപ്പിക്കപ്പെട്ട യുവതി, ആക്രമികളില്‍നിന്നു രക്ഷപ്പെടാനായാണു ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. തന്നെ മാനഭംഗപ്പെടുത്തിയവര്‍ പിന്നാലെയുണ്ടെന്നും അവരെ പിടികൂടി തന്നെ രക്ഷിക്കണമെന്നും സ്റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ ജയ്പ്രകാശ് സിങ്ങിനോടു യുവതി ആവശ്യപ്പെട്ടു. എന്നാല്‍ എസ്‌ഐയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാം എന്നായിരുന്നു എസ്‌ഐയുടെ നിലപാട്.
ആവശ്യം നിരസിച്ച യുവതിയുടെ കേസ് ഫയല്‍ അവസാനിപ്പിച്ചാണ് എസ്‌ഐ പകരംവീട്ടിയത്. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചു ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നു ചോദിച്ചുകൊണ്ടിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണെന്നും വരണമെന്നും യുവതിയോട് എസ്‌ഐ ജയ്പ്രകാശ് സിങ് ആവശ്യപ്പെട്ടു. നിസഹായയായ യുവതി കേസിന്റെ നടത്തിപ്പിനായി വീണ്ടും ഇതേ പൊലീസ് ഉദ്യോഗസ്ഥനെത്തന്നെ സമീപിച്ചു. തുടര്‍ന്ന് എസ്‌ഐയുടെ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയും ഇതിന്‍റെ സിഡിയുമായി എസ്‍പിക്ക് നേരിട്ട് പരാതി നല്‍കുകയുമായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്റ്റേഷന്‍ എസ്‌ഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിന്റെ ആവശ്യത്തിനെന്ന വ്യാജേന നിരന്തരം വിളിച്ചുവരുത്തി എസ്‌ഐ പീഡനവിവരങ്ങള്‍ ചോദിച്ചു രസിച്ചിരുന്നതായും പ്രതിളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആഗ്രഹം സാധിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിക്കാരിയായ യുവതി പറയുന്നു.
ബന്ധുവിനെ സന്ദര്‍ശിച്ചു രാംപുര്‍ സിറ്റിയിലേക്കു മടങ്ങവെ രാത്രിയിലായിരുന്നു സംഭവം. യുവതിയെ അറിയാവുന്ന ഒരാളും വേറൊരാളും ചേര്‍ന്നാണു മാനഭംഗപ്പെടുത്തിയത്. യുവതിക്കു വാഹനത്തില്‍ ഇടംകൊടുത്ത ഇരുവരും യാത്രയ്ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു.
കോടതി ഇടപെടലിനെ തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞാണ് കേസില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഫെബ്രുവരി 21ന് പ്രതികളായ അമീര്‍ അഹമ്മദ് (55), സത്താര്‍ അഹമ്മദ് (45) എന്നിവരെ അറസ്റ്റു ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam