
കാസര്‍ഗോഡ്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികളുടെ വിവരം പോലീസ് പുറത്തുവിട്ടത്.
മധൂര്‍ കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ കെ.എം. അബ്ദുള്‍ഖാദര്‍ (ഖാദര്‍ 26), പടല്‍കുതിരപ്പാടിയിലെ പി.അബ്ദുള്‍ അസീസ് (ബാവ അസീസ് 23) എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍, ഡിവൈഎസ്പി കെ.ദാമോദരന്‍, സിഐമാരായ വി.കെ.വിശ്വംഭരന്‍, സി.കെ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് കര്‍ണാടക സ്വദേശികള്‍കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് വിവരിക്കുന്നതിങ്ങനെ:
ജനുവരി 19 ന് രാവിലെ 10 മണിയോടെയാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൈകാലുകള്‍ ബന്ധിച്ച് മുഖം വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശ പ്രകാരം അന്വേഷണച്ചുമതല ഡിവൈഎസ്പി കെ.ദാമോദരനെ ഏല്‍പിക്കുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണവുമാണ് ഘാതകരെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
വാടകയ്ക്ക് ക്വാട്ടേഴ്‌സ് അന്വേഷിച്ചെത്തിയ സംഘം സുബൈദയെ സമീപിക്കുകയും തനിച്ചു താമസിക്കുകയാണെന്ന് മനസിലാക്കുകയുമായിരുന്നു. പിന്നീട് 24 മണിക്കൂര്‍ കൊണ്ട് കൊലപാതകം ആസൂത്രണം ചെയ്തു. രണ്ടാമത്തെ ദിവസവും ഇവരെ കണ്ടപ്പോള്‍ നിങ്ങള്‍ ഇന്നലെ വന്ന് പോയതല്ലേയെന്ന് ചോദിച്ച സുബൈദയോട് പ്രതികള്‍ നാരങ്ങാ വെള്ളം ആവശ്യപ്പെടുകയായിരുന്നു. നാരങ്ങാ വെള്ളവുമായെത്തിയ സുബൈദയെ പിന്നില്‍ നിന്ന് പിടിച്ച് ക്ലോറോഫോം മുക്കിയ തുണി വായ്ക്കും മൂക്കിനും പൊത്തിവച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
നാരങ്ങാവെള്ളം നിറച്ച ഗ്ലാസുകളില്‍ പതിഞ്ഞ ഉമിനീരിന്റെ അംശവും കൈയടയാളങ്ങളും മറ്റു തെളിവുകളും പരിശോധിച്ചതോടെയാണ് ഘാതകരെ കണ്ടെത്താനുള്ള വഴി തെളിഞ്ഞത്. സുബൈദയുടെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട രണ്ട് വളകള്‍, ഒരു മാല, ഒരു ജോഡി ജിമിക്കി കമ്മല്‍ ഉള്‍പ്പെടെ അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങളും സംഘത്തില്‍ നിന്നും കണ്ടെടുത്തു. ഇത് കാസര്‍ഗോട്ടെ ജ്വല്ലറിയില്‍ ഒരു ലക്ഷത്തിലേറെ രൂപയ്ക്ക് വില്പന നടത്തിയിരുന്നു. തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തു. ഘാതകര്‍ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
കാസര്‍ഗോഡ് സിഐ അബ്ദുള്‍ റഹീം, ബേക്കല്‍ എസ്‌ഐ യു.വിപിന്‍, എഎസ്‌ഐ മധുമദനന്‍, എസ്‌ഐമാരായ ഫിലിപ്പ് തോമസ്, ദിനേശന്‍, ജയരാജന്‍, നാരായണന്‍, ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍, മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍, അബൂബക്കര്‍, സുരേഷ്, ശിവകുമാര്‍, ശ്രീജിത്ത്, ഓസ്റ്റിന്‍ തമ്പി, ഗോകുല്‍, ദീപക്, ഹരിപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പിടിയിലാകാനുള്ള സുള്ള്യ സ്വദേശി അസീസ്, മറ്റൊരു പ്രതി എന്നീ കര്‍ണാടക സ്വദേശികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.