ബുലന്ദ്ഷഹര്‍ ആക്രമണം: കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി

By Web TeamFirst Published Jan 27, 2019, 4:09 PM IST
Highlights

സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതി പ്രശാന്ത് നാട്ട് എന്നയാളുടെ വീട്ടിൽനിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ദില്ലിയിലെ ഒല ടാക്‌സി ഡ്രൈവറായ പ്രശാന്ത് നാട്ടിനെ ഡിസംബര്‍ 28നാണ് പൊലീസ് പിടികൂടിയത്.  

ലക്‌നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ മൊബൈല്‍ ഫോണ്‍ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതി പ്രശാന്ത് നാട്ട് എന്നയാളുടെ വീട്ടിൽനിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ദില്ലിയിലെ ഓല ടാക്‌സി ഡ്രൈവറായ പ്രശാന്ത് നാട്ടിനെ ഡിസംബര്‍ 28നാണ് പൊലീസ് പിടികൂടിയത്.  

സുബോധ്കുമാറിന്‍റെ മൊബൈൽ ഫോൺ കൂടാതെ മറ്റ് അഞ്ച് ഫോണുകളുംകൂടി പരിശോധനയിൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബുലന്ദ്ഷഹർ ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ പിടികൂടിയ ഫോണുകളിൽനിന്ന് കണ്ടെത്താനാകുമോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്.   

2018 ഡിസംബർ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണം നടന്നത്. സംഘർഷത്തിൽ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ  പ്രശാന്ത് നാട്ട് ഉൾപ്പടെ മൂന്ന് പേരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരിക്കുന്നതിനുമുമ്പ് സുബോധ് കുമാറിനെ കോടാലി കൊണ്ട് ആക്രമിച്ച കാലുവ എന്നയാളെ രണ്ടാമതും ഏറ്റവും ഒടുവിൽ കൊലപാതകത്തിന്റെ സൂത്രധാരൻ ബജ്‌റംഗ്ദൾ നേതാവായ യോ​ഗേഷ് രാജിനെയും പൊലീസ് പിടികൂടി. സംഭവത്തിനുശേഷം ഒരു മാസത്തോളം ഒളിവിലായിരുന്ന യോ​ഗേഷ് രാജിനെ ജനുവരി മൂന്നിനാണ് പൊലീസ് പിടികൂടിയത്.   
 
പശുവിനെ കൊന്നെന്ന് ആരോപിച്ച് യോഗേഷാണ് പൊലീസിൽ വ്യാജ പരാതി നൽകിയത്. പിന്നീട് പരാതിയിൽ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തർക്കത്തിലായി. തുടർന്ന് ആള്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ പ്രതികൾ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ച് സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി.  

click me!