ദില്ലി കേരള ഹൗസിന് മുന്നിൽ മലയാളിയുടെ ആത്മഹത്യാശ്രമം

By Web TeamFirst Published Aug 4, 2018, 10:21 AM IST
Highlights

അനുനയിപ്പിക്കാനെത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ഇദ്ദേഹം കയർത്തും സംസാരിച്ചു. 

ദില്ലി: രാജ്യതലസ്ഥാനത്തെ കേരളഹൗസിന് മുൻപിൽ മലയാളിയുടെ ആത്മഹത്യശ്രമം. കത്തിയുമായി കേരള ഹൗസിന് മുൻപിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ മുഖ്യമന്ത്രിയുടെ സുരക്ഷാഉദ്യോ​ഗസ്ഥർ പിടികൂടി കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിന്‍ ഹൗസിലാണ് രാവിലെ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. 

ആത്മഹത്യഭീഷണി മുഴക്കി കൊച്ചിന്‍ ഹൗസിന് മുന്‍പില്‍ നിന്ന ഇയാള്‍ പല കാര്യങ്ങളും അവ്യക്തമായി പറയുന്നുണ്ടായിരുന്നു . തനിക്ക് രണ്ട് മക്കളാണെന്നും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും നാല് ജില്ലകളിലായി മാറി മാറി താമസിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. നിരന്തരം മുഖ്യമന്ത്രിയെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒന്നിനും പരിഹാരമാവുന്നില്ല എന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആയുര്‍വേദരംഗത്ത് പ്രവര്‍ത്തിക്കുകയാണ് താനെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ എന്താണ് ഇയാളുടെ പരാതിയെന്നോ പ്രശ്നമെന്നോ ആര്‍ക്കും വ്യക്തമായില്ല. 

സംഭവം നടക്കുന്പോള്‍ കേരളഹൗസിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പിന്നീട് ഇയാളെ അനുനയിപ്പിക്കാനെത്തിയെങ്കിലും അദ്ദേഹത്തോടും ഇയാള്‍ തട്ടിക്കയറി സംസാരിച്ചു.  ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കേരളഹൗസിലുണ്ടായിരുന്നു. കൊച്ചിന്‍ ഹൗസിന് മുന്‍പില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ നാടകീയമായാണ് സുരക്ഷാസംഘത്തിലുള്ള കമാന്‍ഡോകള്‍ ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനായി ഇദ്ദേഹത്തെ ദില്ലി പൊലീസിന് കൈമാറിയിരിക്കുകയാണ്. 

click me!