
തിരുവനന്തപുരം: സ്വന്തം കുടുംബത്തെയാകെ കൊല ചെയ്തുവെന്ന കുറ്റത്തിനാണ് കണ്ണൂര്‍ പിണറായി സ്വദേശി സൗമ്യ ജയിലിലെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അച്ഛനെയും അമ്മയെയും മകളെയും വിഷം കൊടുത്ത് കൊന്നുവെന്നതായിരുന്നു കേസ്. മകള്‍ക്ക് ചോറിലും അച്ഛനും അമ്മയ്ക്കും കറികളിലും വിഷം ചേര്‍ത്ത് നല്‍കിയെന്ന് സൗമ്യ തന്നെയാണ് പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ സൗമ്യയുടെ മരണശേഷം ജയിലില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ താന്‍ ആരെയും കൊന്നിട്ടില്ലെന്നാണ് സൗമ്യ എഴുതിയിരിക്കുന്നത്. 'ഞാന്‍ ആരെയും കൊന്നിട്ടില്ല. വീട്ടുകാര്‍ ഒറ്റപ്പെടുത്തിയ വലിയ മാനസിക സംഘര്‍ഷം ഞാനനുഭവിക്കുന്നു. എന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളല്ല. ശ്രീയെ ഞാനൊരുപാട് സ്‌നേഹിച്ചിരുന്നു'- എന്നായിരുന്നു കുറിപ്പ്.
മാസങ്ങളുടെ ഇടവേളകളില്‍ നടന്ന മരണങ്ങള്‍ നാട്ടുകാരിലും ബന്ധുക്കളിലുമുണ്ടാക്കിയ സംശയങ്ങളായിരുന്നു പിണറായി കൂട്ടക്കൊലയുടെ ചുരുളഴിച്ചിരുന്നത്. നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. വിഷം അകത്ത് പെട്ട് ആരോഗ്യനില മോശമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സൗമ്യയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് നേരിട്ട് പൊലീസ് കസ്റ്റഡിയിലേക്കാണ് ഇവരെ മാറ്റിയത്. ഒടുവില്‍ പിടിക്കപ്പെട്ടു എന്ന് ഉറപ്പായപ്പോഴാണ് കുറ്റം സമ്മതിച്ചത്. അതോടെ കേസന്വേഷണം സൗമ്യയിലേക്ക് മാത്രമായി ചുരുങ്ങുകയായിരുന്നു. ഇപ്പോള്‍ ഏകപ്രതിയായ ഇവര്‍ മരിച്ചതോടെ അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ താനാരെയും കൊന്നിട്ടില്ല എന്ന സൗമ്യയുടെ വാക്കുകള്‍ വീണ്ടും കേസ് ദുരൂഹമാക്കുകയാണ്.
അതേസമയം ആത്മഹത്യയ്ക്ക് മുമ്പ് സൗമ്യ ജയിലില്‍ വച്ച് നിരവധി കുറിപ്പുകളെഴുതി സൂക്ഷിച്ചിട്ടുണ്ടെന്നും ഇതെല്ലാം വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2012 സെപ്റ്റംബര്‍ 7ന് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന, ഇക്കൊല്ലം ജനുവരി 21ന് മൂത്ത മകള്‍ ഐശ്വര്യ, മാര്‍ച്ച് 7ന് അമ്മ കമല, ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്നായിരുന്നു എല്ലാവരുടെയും മരണം. ഇതില്‍ ഇളയ മകള്‍ കീര്‍ത്തനയുടെ മരണം സ്വാഭാവികമാണെന്നാണ് സൗമ്യ പറഞ്ഞത്. മറ്റുള്ളവരെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam