പൊലീസുകാര്‍ക്കിടയില്‍ ആത്മഹത്യ കൂടുന്നു; മാനസിക ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

By Web DeskFirst Published Sep 29, 2017, 5:12 PM IST
Highlights

തിരുവനന്തപുരം: പൊലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാനസിക പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ഡി.ജി.പി. എല്ലാ സ്റ്റേഷനുകളിലും വിവിധ തരത്തില്‍ മാനസിക പ്രയാസങ്ങള്‍ അനുഭവഭവിക്കുന്നവരുടെ വിവരശേഖരണം നടത്തി കൗണ്‍സിലിങ് നല്‍കാന്‍ ഡി.ജി.പി ഉത്തരവിറക്കി.

ഈ വ‍ര്‍ഷം മാത്രം 16 പൊലീസുകരാണ് സംസ്ഥാനത്ത് സ്വയം ജീവനൊടുക്കിയത്. സേനക്കുള്ളില്‍ ഇത് നല്ല സൂചനയല്ലെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കയച്ച ഉത്തരവില്‍ ലോക്നാഥ് ബെഹ്റ ചൂണ്ടികാട്ടുന്നു. ഇത് തടയാന്‍ അടിയന്തര നടപടി വേണം. ഓരോ സ്റ്റേഷനിലെയും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍, കീഴുദ്യോഗസ്ഥരുടെ ജീവതശൈലി മനസിലാക്കണം. മദ്യപാന ശീലം, കുടുംബ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍, ജോലിയോടുള്ള താല്‍പര്യമില്ലായ്മ തുടങ്ങിയവയെല്ലാം മേലുദ്യോഗസ്ഥര്‍ മനസിലാക്കണം. സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ അച്ചക്കടനടപടി നേരിട്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കണം. 

പ്രശ്നങ്ങള്‍ മനസിലാക്കിയാല്‍ അവയ്ക്ക് വേണ്ട മാനസിക പിന്തുണ നല്‍കണം. കൗണ്‍സിലിങ് നല്‍കുകയോ, യോഗിലൂടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികളോ സ്വീകരിക്കണം. സന്നദ്ധസംഘടനകള്‍ തയ്യാറാണെങ്കില്‍ കൗണ്‍സിലിങിന് സഹകരിക്കാം. സഹപ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അവര്‍ക്ക് തങ്ങായി നില്‍ക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെങ്കിലും ഉണ്ടാകണം. വഴികാട്ടിയായ അദ്ദേഹം മാനസിക പ്രശ്നങ്ങളുള്ളവരുമായി നിരന്തമായ ബന്ധപുലര്‍ത്തണം. സ്റ്റേഷനുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യമായി വിലയിരുത്തണമെന്നും ഡി.ജി.പി ഉത്തരവില്‍ പരയുന്നു.

click me!