ഹാദിയ കേസില്‍ അശോകന് തിരിച്ചടിയായി സുപ്രീം കോടതി നിരീക്ഷണങ്ങള്‍

By Web DeskFirst Published Oct 3, 2017, 12:02 PM IST
Highlights

ദില്ലി: ഹാദിയ കേസില്‍ വൈക്കം ടി.വി പുരം സ്വദേശിയും ഹാദിയയുടെ പിതാവുമായ അശോകന് തിരിച്ചടി നല്‍കുന്ന നിരീക്ഷണങ്ങളാണ് സുപ്രീം കോടതി ഇന്ന് സുപ്രീം കോടതി നടത്തിയത്. 24 വയസുള്ള ഹാദിയയുടെ സംരക്ഷണ ഉത്തരവാദിത്തം അച്ഛന്‍ അശോകന് മാത്രമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാന്‍ ഹാദിയക്ക് എല്ലാ അവകാശവുമുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

24 വയസുള്ള വ്യക്തിയെ പിതാവിന് തടവില്‍ വെയ്ക്കാന്‍ കഴിയില്ല. കോടതി ഒരു സംരക്ഷകനെ നിയോഗിക്കുകയോ അല്ലെങ്കില്‍ സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും ഹാദിയയെ മാറ്റുകയോ വേണമെന്നായിരുന്നു കോടതിയുടെ നീരീക്ഷണം. ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുസരിച്ച് കേരള ഹൈക്കോടതിക്ക് ഇങ്ങനെ വിവാഹം റദ്ദാക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായത്. ബി.ജെ.പിയിലെ രണ്ട് പ്രമുഖ നേതാക്കള്‍ മറ്റ് സമുദായങ്ങളില്‍ നിന്നാണ് വിവാഹം കഴിച്ചതെന്നും ആ സംഭവങ്ങളില്‍ എന്‍.ഐ.എ അന്വേഷണത്തിന് കോടതി ഉത്തരവിടുമോ എന്നും അഭിഭാഷകന്‍ ചോദിച്ചു.

ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജി അനുസരിച്ചാണ് നേരത്തെ കേരള ഹൈക്കോടതി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയത്. മകളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് കടത്താന്‍ വരെ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് അശോകന്‍ ഹര്‍ജി നല്‍കിയത്. വിവാഹം റദ്ദാക്കി മാതാപിതാക്കളോടൊപ്പം ഹൈക്കോടതി പറഞ്ഞയച്ച ഹാദിയ, അവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയും പിന്നീട് ബലം പ്രയോഗിച്ച് പൊലീസ് വീട്ടിലെത്തിക്കുകയുമായിരുന്നു. അന്നു മുതല്‍ മുഴുവന്‍ സമയവും പൊലീസിന്റെ സംരക്ഷണത്തില്‍ വീട്ടില്‍ കഴിയുകയാണ് ഹാദിയ. ഇവരെ കണാനോ സംസാരിക്കാനോ അശോകന്‍ ആരെയും അനുവദിച്ചിരുന്നില്ല. ഇടയ്ക്ക് ഹിന്ദു സംഘടനാ നേതാവ് രാഹുല്‍ ഈശ്വറിനെ വീട്ടില്‍ പ്രവേശിക്കാനും അഖിലയെ കാണാനും അശോകന്‍ അനുവദിച്ചത് വന്‍ വിവാദമായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലും കാണാന്‍ തയ്യാറാവാതിരുന്ന അശോകനെ എന്നാല്‍ അടുത്തിടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. വിവാദമുണ്ടാക്കാതിരിക്കാന്‍ വീട്ടില്‍ കയറ്റാതെ തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലിരുത്തിയാണ് അശോകന്‍ ദീര്‍ഘനേരം സംസാരിച്ചത്. തുടര്‍ന്ന് അശോകനും മനുഷ്യാവകാശമുണ്ടെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. ഹാദിയക്ക് ലഭിച്ചിരുന്ന കത്തുകള്‍ പോലും അശോകന്‍ നിരസിച്ച് തിരിച്ചയച്ചു.

വീട്ടില്‍ തടങ്കലിന് തുല്യമായ അവസ്ഥയില്‍ കഴിയുന്ന ഹാദിയയുടെ അവസ്ഥയില്‍ ഇടപെടണമെന്ന് കാണിച്ച് സംസ്ഥാന വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഹാദിയയെ കാണാന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടാനിരിക്കുകയാണ് വനിതാ കമ്മീഷന്‍. ഇതിനെ തുടര്‍ന്ന് വനിതാ കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളില്‍ നിന്നുണ്ടായത്. അശോകന്‍ ഹിന്ദു സംഘടനകളുടെ താല്‍പര്യങ്ങള്‍ക്ക് വിധേയനായി പ്രവര്‍ത്തിക്കുകയാണെന്നാണ് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ആരോപിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് 24 വയസുള്ള ഹാദിയക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന സുപ്രീം കോടതി നിരീക്ഷണം പ്രസക്തമാവുന്നത്. വിവാഹം റദ്ദാക്കിയത് നിയമപരമാണോ എന്ന് പരിശോധിക്കണമെന്നും കേസില്‍ എന്‍.എന്‍.ഐ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചതും അശോകന് തിരിച്ചടിയാണ്. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കുമ്പോള്‍ നിര്‍ണ്ണായക പ്രതികരണങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

click me!