ജനങ്ങളുടെ ഭീതിയകറ്റുക എന്നതാണ് ഇപ്പോൾ പ്രധാനം; മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതി

By Web TeamFirst Published Aug 17, 2018, 11:23 AM IST
Highlights

ദേശീയ ദുരന്ത നിവാരണ സേനയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോ​ഗം. എന്നാൽ ജലനിരപ്പ് താഴ്ത്താൻ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് തമിഴ്നാട്. 
 

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനുള്ള അടിയന്തരയോ​ഗം സുപ്രീംകോടതിയുടെ മോൽനോട്ടത്തിൽ വ്യാഴാഴ്ച വിളിച്ചു ചേർത്തിരുന്നു. 142 അടിയാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. അത് 139 അടിയിലേക്ക് താഴ്ത്തണമെന്ന നിർദ്ദേശവുമായാണ് യോ​ഗം വിളിച്ചു ചേർത്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോ​ഗം. എന്നാൽ ജലനിരപ്പ് താഴ്ത്താൻ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് തമിഴ്നാട്.

അണക്കെട്ടിലേക്ക് ഓരോ സെക്കന്റും ഒരു ഘനയടി വെള്ളമാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതായത് 12000 ക്യൂസെക്സ് ജലം. എന്നാൽ 5000 ക്യൂസെക്സ് ജലം മാത്രമാണ് പുറത്തേയ്ക്ക് പോകുന്നതെന്നാണ് തമിഴ്നാടിന്റെ വാദം. ജലനിരപ്പ് കൂടിവരുന്തോറും ഡാമിന്റെ താഴെ ജീവിക്കുന്നവരുടെ ഭീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്ന് രണ്ട് സംസ്ഥാനങ്ങൾക്കും കോടതി നിർദ്ദേശം നൽകിയിരുന്നു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാർ ഡാം തുറന്നുവിടരുതെന്ന ഹർജി സുപ്രീംകോടതിയിലെത്തിയിരുന്നു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ അഭാവമാണ് മുല്ലപ്പെരിയാർ വിഷയത്തിലെ പ്രതിസന്ധിക്ക് കാരണമെന്നും ഹർജിയിൽ പറയുന്നുണ്ട്. 

ഇത്തരം അസാധാരണ സാഹചര്യമുണ്ടാകുമ്പോൾ ജനങ്ങളുടെ ഭീതി അകറ്റുകയാണ് വേണ്ടത്. ദേശീയ ദുരന്തനിവാരണ സമിതിയുമായി സഹകരിച്ച് പ്രവർത്തിക്കണം. ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി വേണം പ്രവർത്തിക്കേണ്ടത്. ഇരുസംസ്ഥാനങ്ങളും ഉപസമിതിയുടെ തീരുമാനങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. കോടതി വ്യക്തമാക്കി. 
 

click me!