
ദില്ലി: പരമോന്നത നീതിപീഠത്തിന് നാണക്കേടുണ്ടാക്കിയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ തര്‍ക്ക പരിഹാരത്തിന് വഴിയൊരുങ്ങുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ ചീഫ് ജസ്റ്റിസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ജസ്റ്റിസ് ചലമേശ്വർ ബാർ കൗൺസിൽ പ്രതിനിധികളെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ സാങ്കേതികമായ പ്രശ്നങ്ങളെല്ലാം അവശേഷിച്ചാലും താല്‍ക്കാലികമായ പ്രശ്നങ്ങള്‍ക്ക് വിരാമമാകും. അതേസമയം തർക്കത്തിൽ ഇടപെടുന്നില്ലെന്ന നിലപാടിലാണ് മറ്റു ജഡ്ജിമാർ.
രാജ്യത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അത്യപൂര്‍വ സംഭവവികാസങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. നാല് കോടതികള്‍ നിര്‍ത്തി വച്ച് നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. തുടര്‍ന്ന് പ്രശ്ന പരിഹാരത്തിന് അറ്റോര്‍ണി ജനറലും ബാര്‍ കൗണ്‍സിലും ശ്രമം നടത്തി വരികയായിരുന്നു.
രാജ്യ താല്‍പര്യം നീതി പൂര്‍വ്വം നടത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളി ഉണ്ടെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ തുറന്നടിച്ചിരുന്നു. സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യമാണ്, സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ജഡ്ജിമാരെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഞങ്ങള്‍ ആത്മാവിനെ വിറ്റുവെന്ന് നാളെ ജ്ഞാനികള്‍ കുറ്റപ്പെടുത്തരുത്. ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒരാള്‍ മാത്രമാണ്. അദ്ദേഹത്തിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. കേസുകള്‍ ജഡ്ജിമാര്‍ക്ക് വീതിച്ച് നല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഇത് സുപ്രിം കോടതിയുടെ ആത്മാര്‍ത്ഥതയെ ഇല്ലാതാക്കിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു ജഡ്ജിമാര്‍ ഉന്നയിച്ചത്.
ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിഷേധമെന്നത് വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യമേറ്റുന്നതാണ്. ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു. വിഷയത്തെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് ആയില്ല. അതുകൊണ്ട് മാധ്യമങ്ങളെ കാണാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എണ്ണിപ്പറയാന്‍ ജഡ്ജിമാര്‍ തയ്യാറായില്ല. സുതാര്യതയില്ലെങ്കില്‍ ജനാതിപത്യം തകരും. നീതിന്യായ വ്യവസ്ഥയുടെ മഹത്വമുയര്‍ത്താനാണ് തങ്ങളുടെ പ്രതിഷേധം. തങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ ചരിത്രം പറയരുത്. രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നുമായിരുന്ന ജസ്റ്റിസുമാരുടെ പ്രതികരണം. എന്നാല്‍ ഇക്കാര്യങ്ങള്‍ മാറ്റിവച്ച് താല്‍ക്കാലികമായി നീതിപീഠത്തിന്‍റെ മുഖം രക്ഷിക്കാനാവും ചര്‍ച്ചകളിലൂടെ ശ്രമിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam