
ദില്ലി: രാജ്യത്ത് ഭീകരാക്രമണങ്ങളിലെക്കാള്‍ മരണമുണ്ടാകുന്നത് റോഡപകടങ്ങളിലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് മദന്‍.ബി. ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് റോഡപകടവുമായി ബന്ധപ്പെട്ടുള്ള പരാതി പരിഗണിക്കവേ ശ്രദ്ധേയമായ പരാമര്‍ശം നടത്തിയത്.
'അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് ഇത്രയധികം മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നത്. അവര്‍ അവരുടെ ജോലി വൃത്തിയായി ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥയുണ്ടാകില്ലായിരുന്നു. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെയാണ് ഈ കെണികളുള്ളതെന്ന് പറയാന്‍ കഴിയില്ല. അപ്രതീക്ഷിതമായിട്ടായിരിക്കും വലിയ ഒരപകടത്തില്‍ പെടുക. തീര്‍ച്ചയായും ഇത് ചര്‍ച്ച ചെയ്യേണ്ട തരത്തില്‍ ഭീകരമായ ഒരു വിഷയമാണ്'- കേസ് പരിഗണിക്കവേ ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു.
സെപ്തംബര്‍ ഒന്ന് മുതല്‍ രണ്ടോ അഞ്ചോ വര്‍ഷത്തേക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇല്ലാതെ കാര്‍-ബൈക്ക് പോലുള്ള വാഹനങ്ങളുടെ വില്‍പന നടത്താനാകില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. നിലവിലെ ഇന്‍ഷൂറന്‍സ് വ്യവസ്ഥയില്‍ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതി തൃപ്തമല്ലെന്നും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയോട് ഇത് പുതുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തെയും ബൈക്കുകള്‍ക്ക് അഞ്ച് വര്‍ഷത്തേയും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഉറപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റോഡിലെ കുഴികളുണ്ടാക്കുന്ന അപകടങ്ങള്‍ അല്‍പം കൂടി ഗൗരവമായി പരിഗണിക്കണമെന്നും ഇതിന്റെ ഭാഗമായി ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം ഒരു റിപ്പോര്‍ട്ട് നല്‍കാന്‍ റോഡ് സുരക്ഷാ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam