എത്തിയവരിൽ ചിലർ ഫ്രീസറിനുള്ളിലേക്ക് നാണയങ്ങളും പുഷ്പങ്ങളും സമർപ്പിച്ച് പൂജയും ആരംഭിക്കുകയായിരുന്നു.
ആഗ്ര:സിംഗിൾ ഡോർ ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിൽ രൂപപ്പെട്ട ഐസ് കട്ടയ്ക്ക് ശിവലിംഗത്തിന്റെ ആകൃതി. പിന്നാലെ വീട്ടിലേക്ക് പ്രാർത്ഥനയും പൂജയുമായി വിശ്വാസികൾ. വിചിത്രമെന്ന് തോന്നുന്ന കാര്യമാണ് ഉത്തർ പ്രദേശിലെ ആഗ്രയിലെ ഭുജയിലുള്ള ഒരു വീട്ടിൽ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ഐസ് കട്ട ഫ്രീസറിനുള്ളിൽ വീട്ടുടമ കാണുന്നത്. വിവരം വീട്ടുടമ അയൽവാസികളോട് പങ്കുവച്ചതോടെ അത്ഭുതം കാണാനായി വീട്ടിലേക്ക് നിരവധി ആളുകളാണ് എത്തിയത്. എത്തിയവരിൽ ചിലർ ഫ്രീസറിനുള്ളിലേക്ക് നാണയങ്ങളും പുഷ്പങ്ങളും സമർപ്പിച്ച് പൂജയും ആരംഭിക്കുകയായിരുന്നു. വിചിത്രമായ കാഴ്ച കാണാനെത്തിയവരെല്ലാം തന്നെ ഫ്രീസറിലെ ഐസ് കട്ടയെ അമർനാഥിലെ ശിവലിംഗത്തോടാണ് താരതമ്യം ചെയ്യുന്നത്. ഈ വീഡിയോകൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചരണമാണ് ലഭിക്കുന്നത്.
അന്ധവിശ്വാസമെന്ന് പലരും വിമർശിക്കുന്നുവെങ്കിലും ഏറിയ പങ്കും ആളുകളും ഇതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് പ്രതികരിക്കുന്നത്. ഫ്രിഡ്ജിനുള്ളിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടുവെന്നാണ് പൂജയ്ക്കായി എത്തുന്നവർ പറയുന്നത്. അമർനാഥിലെ മഞ്ഞുരുകുന്നതിനാൽ ഭഗവാൻ ഫ്രിഡ്ജിനുള്ളിൽ ദർശനം നൽകുകയാണെന്നാണ് പൂജയാക്കായി എത്തിയ യുവാവ് വിശദമാക്കുന്നത്. എന്നാൽ അന്ധവിശ്വാസത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും എന്നാൽ മാത്രമാണ് പുരോഗതിയുണ്ടാവുകയെന്നാണ് വീഡിയോ പങ്കുവച്ച് പലരും അഭിപ്രായപ്പെടുന്നത്.


