
ദില്ലി: സിബിഐ ഡയക്ടർ അലോക് വർമ്മ കോടതിക്കു നല്കിയ മറുപടിയിലെ വിവരങ്ങൾ ചോർന്നതിൽ സുപ്രീം കോടതിക്ക് കടുത്ത അതൃപ്തി. എന്തും വന്ന് പറഞ്ഞ് പോകാനുള്ള വേദിയായി കോടതിയെ കാണരുതെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ചോർന്നില്ലെന്ന് അലോക് വർമ്മയുടെ വിശദീകരണം തള്ളിയ കോടതി കേസ് ഇരുപത്തിയൊമ്പതിലേക്ക് മാറ്റി.
ക്ഷുഭിതനായാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്ന് കോടതിയിൽ എത്തിയത്. ഒരു കേസും പ്രത്യേകം പരാമർശിക്കാൻ ഇന്ന് അനുവാദമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടന്ന് അലോക് വർമ്മയുടെ അഭിഭാഷകൻ ഫാലി എസ് നരിമാനോട് മുതിർന്ന അഭിഭാഷകൻ എന്ന നിലയ്ക്ക് താങ്കളുടെ സഹായം കോടതിക്ക് വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കൈയ്യിലുണ്ടായിരുന്ന ഒരു ന്യൂസ് റിപ്പോർട്ട് ചീഫ് ജസ്റ്റിസ് നരിമാന് കൈമാറി.
മുദ്രവച്ച കവറിൽ കോടതിയിൽ നല്കിയ അലോക് വർമ്മയുടെ മറുപടിയിലെ ചില വിവരങ്ങളുള്ള റിപ്പോർട്ടാണ് ചീഫ് ജസ്റ്റിസ് നല്കിയത്. എങ്ങനെ ഇത് ചോർന്നെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. താനും ജൂനിയറും രാത്രി ഇരുന്നാണ് മറുപടി പൂർത്തിയാക്കിയതെന്നും എങ്ങനെ ചോർന്നുവെന്ന് അറിയില്ലെന്നും നരിമാൻ പ്രതികരിച്ചു. ചോർന്നതിൽ താനും അസ്വസ്ഥനാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്നു വാദം ആരും ആർഹിക്കുന്നില്ല എന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.
അലോക് വർമ്മയുടെ സുപ്രീം കോടതിയിലെ മറുപടി പ്രസിദ്ധീകരിട്ടില്ലെന്ന് ന്യൂസ് പോർട്ടലായ ദ വയർ പിന്നീട് വിശദീകരിച്ചു. സിവിസിക്ക് അലോക് വർമ്മ രേഖാമൂലം നല്‍കിയ പ്രതികരണമാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തതെന്നാണ് വിശദീകരണം. തുടർന്ന് ഇക്കാര്യം ഫാലി എസ് നരിമാൻ പന്ത്രണ്ടു മണിക്കു ശേഷം കോടതിയെ അറിയിച്ചു.
രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കണമെന്ന ഉത്തരവ് പതിനാറിനാണ് നല്കിയത്. റിപ്പോർട്ട് പതിനേഴിനാണ് പ്രസിദ്ധീകരിച്ചത്. പരാതിക്കാരൻ രേഖകൾ എല്ലാവർക്കും വിതരണം ചെയ്യുകയാണ്. കോടതി എല്ലാത്തിനുമുള്ള വേദിയാക്കരുതെന്നും ഇത് നീതിനിർവ്വഹണത്തിനുള്ള ഇടമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് ശേഷമേ കേൾക്കു എന്നത് സർക്കാരിന് ആശ്വാസമായി. സിബിഐ ഡിഐജി മനീഷ് സിൻഹ നല്‍കിയ ഹർജി വാർത്തയാക്കിയതും കോടതിയെ ചൊടിപ്പിച്ചെന്ന് അനുമാനിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam