
ദില്ലി: ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രമേ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂവെന്ന് സുപ്രീംകോടതി ഉത്തരവ്. ശബരിമല ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് മദൻ ബി ലോകുര്‍ അധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്. നിലവിലെ മാസ്റ്റര്‍ പ്ലാന്‍ കര്‍ശനമായി പാലിച്ച് അറ്റകുറ്റപ്പണി നടത്താന്‍ കോടതി അനുമതി നല്‍കി.
ശബരിമലയില്‍ പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ന് കോടതിയില്‍ പ്രധാനമായും വാദം നടന്നത്. അനധികൃത നിര്‍മ്മാണം എന്ന് കണ്ടെത്തിയാല്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ അറ്റകുറ്റപ്പണികളും പുനര്‍നിര്‍മ്മാണവും പൂര്‍ണമായും നിര്‍ത്തിവയ്ക്കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എന്തിനാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് കോടതി ചോദിച്ചു.
എന്നാല്‍, ഈക്കാര്യത്തില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ചത്തെ സമയം വേണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. അതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടരുതെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ കോടതിയോട് അഭ്യർത്ഥിച്ചു. എന്നാല്‍ 11 വര്‍ഷമായി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ഒരു നടപടിയുമുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഇതേ തുടര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കുമോ എന്ന് ജസ്റ്റിസ് മദൻ ബി ലോകുർ ചോദിച്ചു. അറ്റകുറ്റപ്പണികള്‍ ഈ മാസം 15 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന്, അറ്റകുറ്റപ്പണി നടത്തേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ കൈമാറണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam