
തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സ് യൂണിറ്റിലുണ്ടായ തീപിടുത്തം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പെട്ടെന്ന് തീ പടരാനുണ്ടായ സാഹചര്യം സംബന്ധിച്ചാണ് അന്വേഷണം. സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിക്കൽ നോട്ടീസ് നല്‍കി.
മണ്‍വിള വ്യവസായ ശാലയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിലുണ്ടായ അഗ്നിബാധ സംബന്ധിച്ച് ഡിജിപി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് ദൃക്സാക്ഷികളില്‍ നിന്ന് ഡിസിപി ആർ ആദിത്യ മൊഴിയെടുത്തത്. ഫാക്ടറിയുടെ പിറക് വശത്തുള്ള മൂന്ന് നില കെട്ടിടത്തിലാണ് ആദ്യം തീ കണ്ടതെന്നാണ് മൊഴി. വേഗത്തിൽ തീ പടർന്ന് പിടിച്ചതിന്‍റെ സാഹചര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മുമ്പുണ്ടായ തീപിടിത്തത്തെകുറിച്ച് അറിയിച്ചില്ല, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഫാമിലി പ്ലാസ്റ്റിക്സിന് നോട്ടീസ് നല്‍കിയത്. അതേസമയം, അഗ്നിബാധയെത്തുടര്‍ന്ന് മണ്‍വിളയില്‍ കാര്യമായ വായു മലീനികരണം ഉണ്ടായിട്ടില്ലെന്നാണ് ബോർഡിന്‍റെ പ്രാഥമിക നിഗമനം. തീപ്പിടുത്തമുണ്ടായ കെട്ടിടത്തില്‍ ഫോറന്‍സിക്, ഫയര്‍ഫോഴ്സ് സംഘങ്ങളും പരിശോധന നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam