
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ യൂത്ത് ഫോര്‍ ഇക്വാലിറ്റി നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. സംവരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികൾക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു
വാർഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. ഏറെ കാലമായി ആർ എസ് എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. അമ്പത് ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി അറുപത് ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിർണായക രാഷ്ട്രീയ തീരുമാനം കൂടിയാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam