ഡാറ്റാ നിരീക്ഷണ വിജ്ഞാപനം: പരിശോധിക്കുമെന്ന് സുപ്രീംകോടതി, കേന്ദ്രസർക്കാരിന് നോട്ടീസയച്ചു

By Web TeamFirst Published Jan 14, 2019, 12:16 PM IST
Highlights

പത്ത് കേന്ദ്ര ഇന്‍റലിജൻസ് ഏജൻസികൾക്ക് രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലെയും വിവരങ്ങൾ പരിശോധിക്കാൻ അനുമതി നൽകുന്നതായിരുന്നു വിവാദമായ ഡാറ്റാ നിരീക്ഷണ ഉത്തരവ്.

ദില്ലി: കേന്ദ്രസർക്കാരിന്‍റെ വിവാദമായ 'ഡാറ്റാ നിരീക്ഷണ വിജ്ഞാപനം' പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഉത്തരവ് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചിട്ടുണ്ട്.

അഭിഭാഷകരായ ശ്രേയ സിംഗാൾ, തൃണമൂൽ കോൺഗ്രസ് എംഎൽഎ മഹുവ മോയിത്ര എന്നിവരുൾപ്പടെയുള്ളവരാണ് ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സ്വകാര്യത പൗരാവകാശമായി കണക്കാക്കുന്ന സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്‍റെ പുതിയ വിജ്ഞാപനം നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രസർക്കാരിന്‍റെ ഭാഗം വിശദമായി കേട്ട ശേഷമേ സ്റ്റേയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. 

10 കേന്ദ്ര ഇന്‍റലിജൻസ് ഏജൻസികൾക്ക് രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലെയും വിവരങ്ങൾ പരിശോധിക്കാൻ അനുമതി നൽകുന്നതായിരുന്നു വിവാദമായ ഡാറ്റാ നിരീക്ഷണ വിജ്ഞാപനം. നേരത്തെ ഒരു പൗരന്‍റെ ഇ-മെയിലുകളടക്കമുള്ള ഡിജിറ്റർ വിവരങ്ങൾ പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. പുതിയ വിജ്ഞാപനപ്രകാരം ഇന്‍റലിജൻസ് ബ്യൂറോ, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്‍ര് ഡയറക്ടറേറ്റ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ്, സിബിഐ, എൻഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്‍റലിജൻസ് (ജമ്മു-കശ്മീർ, അസം, വടക്കുകിഴക്കൻ ജില്ലകൾ), ദില്ലി പൊലീസ് കമ്മീഷണർ എന്നിവർക്ക് പൗരന്‍റെ സ്വകാര്യ ഡിജിറ്റൽ വിവരങ്ങൾ പിടിച്ചെടുക്കാം, പരിശോധിക്കാം. 

click me!