ബംഗാൾ കേസ് സുപ്രീം കോടതിയിൽ ; മുദ്രവച്ച കവറിൽ തെളിവുമായി സിബിഐ

By Web TeamFirst Published Feb 5, 2019, 6:19 AM IST
Highlights

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സി ബി ഐ ചൂണ്ടിക്കാട്ടുന്നത്. അതിന് പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യണമെന്നും സി ബി ഐ ആവശ്യപ്പെടുന്നു

ദില്ലി: പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ ഹര്‍ജികൾ അൽപസമയത്തിനകം സുപ്രീംകോടതി പരിഗണിക്കും. അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതിയുടെ ഇടപെടൽ വേണമെന്നാണ് സി ബി ഐയുടെ ആവശ്യം. 

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സി ബി ഐ ആരോപിക്കുന്നത്. അതിന് പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യണമെന്നും സി ബി ഐ ആവശ്യപ്പെടുന്നു. പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കാൻ ഇന്നലെ സി ബി ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. 

തെളിവ് ഹാജരാക്കിയാൽ ശക്തമായ നടപടി പൊലീസ് കമ്മീഷണര്‍ക്കെതിരെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചുവന്ന ഡയറിയും പെൻഡ്രൈവും കാണാനില്ല എന്നാണ് സിബിഐ സിബിഐ പറഞ്ഞത്. അത് എന്ത് തെളിവാണെന്നും അത് എങ്ങനെ നശിപ്പിച്ചുവെന്നും സിബിഐക്ക് കോടതിയെ ഇന്ന് ബോധ്യപ്പെടുത്തേണ്ടിവരും. 

പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ക്കും എതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജിയും സിബിഐ നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

click me!