
ടെഹ്റാന്‍: വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തി. ബള്‍ഗേറിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിതമായി സുഷമ ഇറാനില്‍ ഇറങ്ങിയത്. ഇറാന്‍ വിദേശകാര്യമന്ത്രിയുമായി അവര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ മേഖലയിലെ തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം ഇറാനില്‍ നിന്നുണ്ടായി.
ബുധനാഴ്ച്ച തെക്കുകിഴക്കന്‍ ഇറാനിലുണ്ടായ ചാവേറാക്രമണത്തില്‍ ഇറാന്‍ സൈന്യത്തിന്‍റെ ഭാഗമായ റവല്യൂഷണറി ഗാര്‍ഡിലെ 27 ഭടന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളാണെന്നും തീവ്രവാദികളെ തുണയ്ക്കുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്താന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ തുറന്നടിച്ചിരുന്നു.
പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്താനെതിരെ നിലപാട് കടുപ്പിച്ചപ്പോഴാണ് സമാനമായ അവസ്ഥയില്‍ ഇറാനും പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തേക്ക് വന്നത്. ഇതിന് പിന്നാലെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാനിലെത്തിയിരിക്കുന്നത്.
സുഷമയെ സ്വാഗതം ചെയ്ത ഇറാന്‍ വിദേശകാര്യസഹമന്ത്രി സയ്യീദ് അബ്ബാസ് അര്‍ഗാച്ചി ഇന്ത്യയും ഇറാനും തീവ്രവാദത്തിന്‍റെ ഇരകളാണെന്ന് ട്വിറ്റില്‍ കുറിച്ചു. മേഖലയിലെ തീവ്രവാദശക്തികളെ തുടച്ചു നീക്കാന്‍ ഇരുരാജ്യങ്ങളും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച അര്‍ഗാച്ചി ഇത്തരം സംഭവങ്ങള്‍ ഇനി വച്ചു പൊറുപ്പിക്കില്ലെന്നും കടുത്ത ഭാഷയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സിആര്‍പിഎഫ് ഭടന്‍മാര്‍ക്ക് നേരെ കശ്മീരിലെ പുല്‍വാമയിലുണ്ടായതിന് സമാനമായ ആക്രമണമാണ് ഇറാന്‍ സൈന്യത്തിന് നേരേ ബുധനാഴ്ച്ച ഉണ്ടായത്. ഗാര്‍ഡുകള്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. വിശിഷ്ട സേനാ വിഭാഗമായ വിപ്ലവഗാര്‍ഡുകള്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖാമന നിയന്ത്രണത്തിലുള്ള സേനയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam