
ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് മധുരത്തില്‍ തീര്‍ത്ത ഒരു സമ്മാനം. ആഗോള പ്രശസ്തനായ ഇന്ത്യന്‍ പാചക വിദഗ്ധന്‍ വികാസ് ഖന്നയാണ് നവരാത്രിയോടനുബന്ധിച്ച് പ്രത്യേക പലഹാരങ്ങള്‍ സുഷമയ്ക്കായി ഒരുക്കിയത്.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ന്യൂയോര്‍ക്കിലെത്തുന്ന അവസരങ്ങളിലെല്ലാം പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്ന വികാസ് ഖന്ന ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഉഗ്രന്‍ നവരാത്രി പലഹാരങ്ങളാണ് സുഷമയ്ക്കും പ്രതിനിധി സംഘത്തിലെ മറ്റുള്ളവര്‍ക്കുമായി വികാസ് ഒരുക്കിയത്. രണ്ടര ദിവസമാണ് ഈ സവിശേഷ വിഭവങ്ങള്‍ തയ്യാറാക്കാന്‍ വികാസ് ചെലവഴിച്ചത്. ഏറ്റവും ലളിതമായ എന്നാല്‍ ഏറെ പ്രത്യേകതകളുള്ള വിഭവങ്ങളാണിതെന്ന് വികാസ് പറയുന്നു.
സുഷമ മധുരം കഴിക്കില്ലെന്നതിനാല്‍ പ്രകൃതിദത്തമായ പഞ്ചസാര കുറഞ്ഞ അളവില്‍ ചേര്‍ത്താണ് പലഹാരങ്ങള്‍ ഉണ്ടാക്കിയത്. നവരാത്രി പലഹാരത്തിന്‍റെ വിശേഷങ്ങള്‍ വികാസ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചതും. ന്യൂയോര്‍ക്കില്‍ റസ്റ്റററ്റ് നടത്തുന്ന വികാസ് ഖന്ന പാചകപുസ്തകങ്ങളുടെ രചയിതാവ്, റിയാലിറ്റി ഷോ വിധകര്‍ത്താവ് എന്നീ നിലകളിലും പ്രശസ്തനാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam