
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അക്രമത്തിനു പിന്നിൽ പാകിസ്ഥാനാണെന്നതിന്റെ തെളിവുകൾ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറി. കശ്മീർ വിഷയം അന്താരാഷ്ട്രതലത്തിൽ ഉന്നയിക്കുന്നത് ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മറയ്ക്കാനാണെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടാനുള്ള പാകിസ്ഥാൻ ശ്രമം തള്ളിക്കളയണമെന്ന് സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ഒപ്പം ബലൂചിസ്ഥാനിലെ പ്രതിഷേധവും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യാ-അമേരിക്ക ബന്ധം തന്ത്രപ്രധാന തലത്തിലേക്ക് ഉയർത്താൻ നരേന്ദ്ര മോദിയും ബരാക്ക് ഒബാമയും തീരുമാനിച്ചതിന്റെ ഭാഗമായുള്ള സംയുക്ത യോഗങ്ങളിലാണ് ജെൺ കെറി പങ്കെടുത്തത്.
അതിനിടെ ജമ്മു കശ്മീരിൽ ശ്രീനഗറിലെയും ബാരാമുള്ളയിലെ ചില മേഖലകളിലും കർഫ്യൂവിൽ പകൽ ഇളവു നല്‍കി. ശ്രീനഗറിലും ബാരാമുള്ളയിലെ ചില പ്രദേശങ്ങളിലുമാണ് സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തില്‍ കർഫ്യൂവിൽ ഇളവ് നല്‍കിയത്.അനന്ത് നാഗ്, ഷൊപിയൻ, കുൽഗാം, പാംപോർ എന്നിവിടങ്ങളിൽ ഇന്നലെ കർഫുവിൽ ഇളവു നല്‍കിയിരുന്നു.പുൽവാമയിൽ സംഘർഷം തുടരുന്നതിനാൽ കർഫ്യുവിൽ മാറ്റമില്ല.
ജമ്മു കശ്മീരിൽ 53 ദിവസമായി തുടരുന്ന പ്രതിഷേധത്തിൽ 70 പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ മാത്രം പ്രതിഷേധങ്ങളിൽ 60 പേർക്ക് പരിക്കു പറ്റി. ഞായറാഴ്ച സർവ്വകക്ഷിസംഘം ശ്രീനഗറിലേക്ക് പോകുന്നതിന് മുന്നോടിയായി ദില്ലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു ചേർത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രഹസ്യാന്വേഷണ ഏജൻസി തലവൻമാരും യോഗത്തിൽ പങ്കെടുത്തു. കശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചർച്ച വേണോ എന്ന കാര്യത്തിൽ തീരുമാനമായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam