ആയുധധാരികളെ കണ്ടെന്ന സംശയം; മുംബൈയില്‍ എന്‍എസ്ജിയെ വിന്യസിച്ചു

By Web DeskFirst Published Sep 23, 2016, 3:50 AM IST
Highlights

മുംബൈ: മഹാരാഷ്ട്രയിലെ ഉറാൻ നാവിക കേന്ദ്രത്തിലേക്ക് ആയുധധാരികൾ കണ്ടെന്ന സംശയത്തിൽ സുരക്ഷാസേന നടത്തുന്ന തെരച്ചിൽ ഇന്നും തുടരുന്നു. ഭീകരരെ നേരിടാൻ പരിശീലനം കിട്ടിയിട്ടുള്ള  എൻഎസ്ജി കമാന്‍ഡോകളെ മുംബൈയിൽ വിന്യസിച്ചു. സിആർപിഎഫിനും നേവിക്കും വ്യോമസേനയ്ക്കും പുറമേയാണ് ഭീകരരെ നേരിടാൻ പരിശീലനം ലഭിച്ചിട്ടുള്ള എൻ എസ് ജി കമാന്‍ഡർമാരെയും മുംബൈയിൽ വിന്യസിച്ചത്. മഹാരാഷ്ട്രയുടെ തീരമേഖലയിലും സുരക്ഷാ പരിശോധന കർശനമാക്കി. ഗേറ്റ് വേ ഓഫ് ഇന്ത്യ, നാവിക വ്യോമ കേന്ദ്രങ്ങൾ വിമാത്താവളം റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളെല്ലാം സുരക്ഷാ വലയത്തിലാണ്.

ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ആയുധധാരികളെ കണ്ടകാര്യം പ്രിൻസിപ്പളിനെ അറിയിക്കുന്നത്. ഈ കുട്ടികളോട് നവി മുംബൈ പൊലീസ് കമ്മീഷണർ ഹെമന്ദ് നഗ്റാലെ കാര്യങ്ങൾ വിശദമായി ചോദിച്ചു മനസിലാക്കി. പത്താന്‍ വസ്ത്രമിട്ട് വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന രണ്ടുപേരെ കണ്ടതെന്ന് ഒരു കുട്ടി പറഞ്ഞപ്പോള്‍ അഞ്ചു പേരെ കണ്ടെന്നാണ് മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്. ഒന്‍എജിസി, സ്കൂള്‍ എന്ന് ഇവരിലൊരാള്‍ പറഞ്ഞിരുന്നതായും കുട്ടികള്‍ പറഞ്ഞു. കുട്ടികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ആളിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. ഉറാൻ നാവികതാവളത്തിലേക്ക് കടന്നെന്നു സംശയിക്കുന്ന ആക്രമികളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

2008ല്‍ മുംബൈ അക്രമിക്കാൻ അ‍ജ്മൽ അമീർ കസബ് ഉൾപെടെയുള്ള ഒൻപത് ഭീകരർ എത്തിയത് കടൽ വഴിയായിരുന്നു. ഗുജറാത്ത് തീരത്തുനിന്നും മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് മുംബൈയിലേക്ക് സംഘം എത്തിയത് തീരസുരക്ഷാസേനയുടെ കണ്ണ് വെട്ടിച്ചായിരുന്നു. അന്ന് രാജ്യത്തിന് നഷ്ടമായത് 166 ജീവനുകൾ. കടലിനാൽ ചുറ്റപ്പെട്ട മുംബൈയുടെ സുരക്ഷാ ദൗത്യം ഏറെ ശ്രമകരമാണ്.

നാവികസേനയും തീരസംരക്ഷണസേനയും സ്ഥിരം പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും 3000ത്തോളം വരുന്ന മത്സ്യബന്ധന ബോട്ടുകളെ ദിവസേനയെന്നോണം പരിശോധിക്കുക പ്രായോഗികമല്ല. ഏറെ തന്ത്രപ്രധാനമാ ഉറൻ നാവികകേന്ദ്രത്തിനുസമീപം ആയുധധാരികളായ നാലുപേരെ കണ്ടതായി സ്കൂൾ വിദ്യാർത്ഥികൾ വിവരം നൽകിയ പശ്ചാത്തലത്തിൽ കടലിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

 

click me!