ഷുക്കൂറിനെ കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയത് ടി വി രാജേഷും പി ജയരാജനും ; സിബിഐ കുറ്റപത്രം

By Web TeamFirst Published Feb 13, 2019, 1:19 PM IST
Highlights

കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയത് ടി.വി.രാജേഷും പി.ജയരാജനുമെന്ന് കുറ്റപത്രം വിശദമാക്കുന്നു. പിടികൂടിയ ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിർദ്ദേശം .

കൊച്ചി: അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്താൻ സിപിഎം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത് പി ജരാജനും ടി വി രാജേഷ് എംഎൽഎയുമെന്ന് സിബിഐ കുറ്റപത്രം. കസ്റ്റഡിയിലുള്ളവരെ വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന നേതാക്കളുടെ നിർദ്ദശം പ്രവർത്തകർ നടപ്പിലാക്കുകയായിരുന്നു. ഗൂഡാലോചനയ്ക്ക് ദൃക്സാക്ഷികളുണ്ടെന്നും സിബിഐ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുറ്റപത്രത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
 
അരിയിൽ ഷുക്കൂറിന്‍റെ കൊലപാതകം പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നല്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ, കൃത്യത്തിന് പിന്നിൽ  ആസൂത്രണവും ഗൂഢാലോചനയും ഉണ്ട്.  32 -ാം പ്രതി പി ജയരാജനും 33 -ാം പ്രതി ടി.വി രാജേഷ് എം എൽ എയും 30 -ാം പ്രതി അരിയിൽ ലോക്കൽ സെക്രട്ടറി യു വി വേണുവുമാണ് മുഖ്യ ആസൂത്രകർ.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 -ാം മുറിയിൽ വെച്ചാണ് ഗൂഡാലോചന നടന്നത്. തങ്ങളെ ആക്രമിച്ച അരിയിൽ ഷുക്കൂർ അടക്കമുള്ള  മുസ്ലീം ലീഗ് പ്രവർത്തകരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്നാണ് പി ജരാജനും ടി വി രാജേഷും നിർദ്ദേശിച്ചതെന്ന് സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. ഇവരുടെ നിർദ്ദേശമാണ് ലോക്കൽ സെക്രട്ടറി  യു വി വേണു മറ്റ് പ്രതികളെ അറിയിച്ച് നടപ്പാക്കിയത്. 

 

തങ്ങളുടെ പിടിയിലുള്ളത് അരിയിൽ ഷുക്കൂർ തന്നെയെന്ന് ഉറപ്പാക്കാൻ 29 -ാം പ്രതി കെ ബാബു അയച്ച് കൊടുത്ത ഫോട്ടോ ഗൂഡാലോചനയിൽ ഉൾപ്പെട്ട മുഖ്യപ്രതികൾ ആശുപത്രിയിൽ വച്ച് കണ്ട് സ്ഥിരീകരിച്ചു. തുടർന്നാണ് വള്ളുവൻകടവിലെ കുഞ്ഞിമുഹമ്മദിന്‍റെ വീട്ടിൽ തടഞ്ഞുവെച്ച അരിയിൽ ഷുക്കൂറിനെ പാടത്ത് കൊണ്ടുപോയി പരസ്യമായി കൊലപ്പെടുത്തുന്നത്. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 1 മുതൽ 27 വരെയുള്ള പ്രതികൾ നിരപരാധികളല്ല,  അവർക്ക്  കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 

ഗൂഢാലോചനയുടെ തളിവായി ദൃക്സാക്ഷിമൊഴികാളാണ് സിബിഐ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയത്. അരിയിൽ ഷുക്കൂർ അടക്കമുള്ളവരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്ന് നേതാക്കൾ നിർദ്ദേശം നൽകിയത് കേട്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ ജയരാജനും ടി വി രാജേഷും നേരിട്ട് നിർദ്ദേശം നൽകുന്നത് കേട്ടെന്ന സാക്ഷിമൊഴികൾ കുറ്റപത്രത്തൊടൊപ്പം ഹാജരാക്കിയിട്ടില്ല. 

മുഹമ്മദ് സാബിർ, അബു, പ്രാദേശിക പത്രപ്രവർ‍ത്തകരായ മനോഹരൻ, ദിവാകരൻ എന്നിവരുടെ സാക്ഷിമൊഴികളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. കൊലപാതകം, വധശ്രമം, ക്രിമിനൽ ഗൂഡാലോചന, അന്യായമായി തടങ്കലിൽവെക്കൽ അടക്കമുള്ള വകുപ്പുകളാണ് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

click me!