
തിരുവനന്തപുരം: ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ട പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയ ടി വി രാജേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഷുക്കൂർ വധക്കേസിലെ പ്രതികളായ ജയരാജനെയും ടി വി രാജേഷിനെയും സംരക്ഷിക്കുന്ന സി പി എം നിലപാട് അപലപനീയമാണ്. കൊലക്കുറ്റം ചുമത്തപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയാണ് വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്ന വി എസിന്‍റെ നിലപാടെങ്കിലും സിപിഎം ഗൌരവമായി എടുക്കണം. കോടിയേരിയുടെ പ്രസ്താവന വായിച്ചാൽ നിയമം സി പി എമ്മിന്‍റെ വഴിക്ക് പോകണമെന്ന് പറയുന്നത് പോലെ തോന്നുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കോൺഗ്രസ്-ബിജെപി ഒത്തുകളിയുടെ ഫലമാണ് പി ജയരാജനും ടി വി രാജേഷിനുമെതിരായ സിബിഐ കുറ്റപത്രമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വിശദീകരണം രാഷ്ട്രീയ കോമാളിത്തരമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അതേസമയം, പി ജയരാജനെ സംരക്ഷിക്കുന്ന നിലപാടുമായി വ്യവസായ മന്ത്രി ഇ പി ജയരാജൻ രംഗത്തെത്തി. ഒരു കേസ് വരുമ്പോഴേക്കും പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയ എതിരാളികൾ പറയുന്നത് കേട്ട് പ്രവർത്തിക്കേണ്ട കാര്യം സി പി എമ്മിനില്ല. ഇത്തരം നിരവധി കേസുകൾ പാർട്ടി അതിജീവിച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam