
ദില്ലി: താജ്‍മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ല, അതൊരു ശിവക്ഷേത്രമായിരുന്നെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആനന്ദ കുമാര്‍ ഹെഗ്‍ഡെ. താജ്‍മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഷാജഹാന്‍ തന്‍റെ ആത്മകഥയില്‍ ഇതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നുമാണ് ബിജെപി നേതാവിന്‍റെ വാദം. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍പും ആനന്ദ കുമാര്‍ ഹെഗ്ഡെ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.
ഷാജഹാൻ തന്റെ ആത്മകഥയിൽ താജ്മഹൽ പണിത സ്ഥലം ജയസിംഹ രാജാവിന്റെ പക്കല്‍ നിന്ന് വാങ്ങിച്ചെന്ന് പറയുന്നുണ്ട്. പരമതീർത്ഥ രാജാവാണ് ഈ ശിവ ക്ഷേത്രം പണിതത്. തേജോ മഹാലയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ഷേത്രം പിന്നീട് താജ് മഹൽ എന്ന് ആക്കുകയായിരുന്നെന്ന് ഹെഗ്ഡെ പറഞ്ഞു. നമ്മൾ ഉറങ്ങുകയാണെങ്കിൽ, നമ്മുടെ വീടുകൾ ഉൾപ്പടെ മസ്ജിദ് എന്ന് പുനർനാമകരണം ചെയ്യപ്പെടും. ഭാവിയിൽ ശ്രീരാമനെ ജഹൻപാന എന്നും സീതയെ ബീബി എന്നും വിളിക്കേണ്ടിവരുമെന്നും ഹെഗ്ഡെ കൂട്ടിച്ചേർത്തു.
ഒരാൾ ചരിത്രം എഴുതുന്നത് അദ്ദേഹത്തിന്റെ ധൈര്യം പുറത്തുകാട്ടുന്നു. പക്ഷേ ഒരാൾ ചരിത്രം വായിക്കുന്നത് അയാളുടെ ഭീരുത്വം വെളിപ്പെടുത്തുന്നു. നിങ്ങൾക്ക് ചരിത്രം എഴുതാനോ അതോ ചരിത്രം വായിക്കാനോ എന്ന് നിങ്ങൾതന്നെ തീരുമാനിക്കുവെന്നും ഹെഗ്ഡെ പറഞ്ഞു.
ടിപ്പു സുൽത്താന്റെ ജന്‍മദിനാഘോഷവുമായി ബന്ധപ്പെട്ട് ഹെഗ്ഡെ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ടിപ്പു സുൽത്താൻ ഹിന്ദു വിരുദ്ധ ഭരണാധികാരിയായിരുന്നുവെന്ന് ഹെഗ്ഡെ ആരോപിച്ചു. ഹെഗ്ഡയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേന്ദ്രമന്ത്രി സ്ഥാനത്തിന് ചേരാത്ത പ്രവര്‍ത്തിയെന്ന് ഹെഗ്‌ഡെയുടെ നിലപാടിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിമര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam