തലയ്ക്കടിയേറ്റ അധ്യാപകന്‍ മരിച്ചു; കൊലക്കുറ്റത്തിന് കേസെടുത്തു

By web deskFirst Published Mar 7, 2018, 2:48 PM IST
Highlights
  • ചീമേനി നാലിലാംകണ്ടം ഗവ. യു.പി സ്‌കൂള്‍ അധ്യാപകനായ ആലന്തട്ടയിലെ സി.രമേശനാണ് (50) മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.

കാസര്‍കോട്:   തലയ്ക്കടിയേറ്റ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ചീമേനി നാലിലാംകണ്ടം ഗവ. യു.പി സ്‌കൂള്‍ അധ്യാപകനായ ആലന്തട്ടയിലെ സി.രമേശനാണ് (50) മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.

രമേശനെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ അയല്‍വാസികളായ തമ്പാന്‍, ജയനീഷ്, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കെതിരെ ചീമേനി പോലീസ് നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു. രമേശന്‍ മരണപ്പെട്ടതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 
ശനിയാഴ്ച രാത്രി 10 മണിയോടെ മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് രമേശന്‍ അക്രമത്തിനിരയായത്. അയല്‍വാസിയുമായുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രമേശനെയും അയല്‍വാസികളെയും വിളിപ്പിച്ച് പോലീസ് സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. 

ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം അധ്യാപകനും മകനും വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് തമ്പാന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയത്. തലക്കടിയേറ്റ് വീണ രമേശനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ ഡി.വൈ എസ്.പി.കെ.ദാമോദരന്‍ തുടങ്ങിയ ഉന്നത പൊലിസ് ഉദ്യോഗസ്തര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
 

click me!