പ്രളയത്തിന് കാരണം മുല്ലപ്പെരിയാറാണെന്ന കേരളത്തിന്‍റെ വാദം തെറ്റെന്ന് തമിഴ്നാട് മുഖ്യമന്ത്രി

By Web TeamFirst Published Aug 24, 2018, 4:53 PM IST
Highlights

ഡാമിന്‍റെ സുരക്ഷിതത്തെപ്പറ്റി വിദഗ്ധ കമ്മിറ്റി പ്രളയത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെ എതിര്‍ത്തില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി

ത്രിച്ചി: കേരളത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്‍റെ കാരണങ്ങളിലൊന്ന് മുല്ലപ്പെരിയാറാണെന്ന കേരള സര്‍ക്കാരിന്‍റെ വാദം തെറ്റാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സംസ്ഥാനത്തിന് ഏറെ നാശമുണ്ടാക്കിയ പ്രളയത്തിന് കാരണങ്ങളിലൊന്ന് മുല്ലപ്പെരിയാറാണെന്ന് സുപ്രീം കോടതിയിലാണ് കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിലുണ്ടായ പ്രളയത്തിന്‍റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കനത്ത മഴയും മറ്റ് ഡാമുകളില്‍ നിന്ന് അധികമായി വെള്ളം തുറന്നു വിട്ടതുമാണ് കേരളത്തില്‍ പ്രളയത്തിന് കാരണമായതെന്നാണ് പളനിസ്വാമി പറയുന്നത്. അല്ലാതെ മുല്ലപ്പെരിയാറല്ല.

80 ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം കേരളത്തില്‍ തുറന്നു വിട്ടിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂട്ടുന്നത് തടയാനുള്ള കേരളത്തിന്‍റെ തന്ത്രമാണ് ഇത്തരമൊരു വാദത്തിന് പിന്നിലെന്നും പളനിസ്വാമി പറഞ്ഞു. ഡാമിന്‍റെ സുരക്ഷിതത്തെപ്പറ്റി വിദഗ്ധ കമ്മിറ്റി പ്രളയത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെ എതിര്‍ത്തില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇന്ന് ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ നിര്‍ദേശിച്ചത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടിയാക്കി കുറയ്ക്കണമെന്നാണ് മേല്‍നോട്ട സമിതിയുടെ ശുപാര്‍ശയെന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഇത് പരിശോധിച്ച സുപ്രീംകോടതി മേല്‍നോട്ടസമിതിയുടെ തീരുമാനവുമായി മുന്നോട്ട് പോകാന്‍ കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടു. തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിര്‍ദേശിച്ചു. 

click me!