അനിതയുടെ ആത്മഹത്യ: തമിഴ്നാട്ടില്‍ പ്രതിഷേധം

Published : Sep 02, 2017, 08:25 AM ISTUpdated : Oct 04, 2018, 11:31 PM IST
അനിതയുടെ ആത്മഹത്യ: തമിഴ്നാട്ടില്‍ പ്രതിഷേധം

Synopsis

ചെന്നൈ: മെഡിക്കൽ പ്രവേശനം കിട്ടാതിരുന്ന ദളിത് പെൺകുട്ടി അനിതയുടെ ആത്മഹത്യയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ  കേന്ദ്രങ്ങളില്‍ പ്രതിഷേധം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍  വിസമ്മതിച്ചു. അതേസമയം, അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷംരൂപ നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. 

അരിയല്ലൂർ ജില്ലയിലെ കുഴുമുറൈ സ്വദേശി ഷൺമുഖത്തിന്‍റെ മകൾ അനിതയാണ് മെഡിക്കല്‍ പ്രവേശനം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്. പ്ലസ് ടുവിന് 1200-ൽ 1176 മാർക്കോടെ ഉന്നത വിജയം നേടിയ അനിത  നീറ്റിൽ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നീറ്റ് ചോദ്യപേപ്പര്‍ സി.ബി.എസ്.സി അടിസ്ഥാനത്തിലുളളതാണെന്നും സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ക്ക് ഇത് താങ്ങാനാവില്ലെന്നും അനിത സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന അനിതയുടെ വാക്കുകളും പുറത്തുവന്നിട്ടുണ്ട്.  

നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്നാടിന് ഒരു വര്‍ഷത്തെ ഇളവുതേടിക്കൊണ്ടുളള ഓര്‍ഡിനന്‍സിന്‍റെ  കരട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനു മാത്രമായി നീറ്റില്‍ നിന്ന് ഇളവു നല്‍കാനാവില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. തുടര്‍ന്ന് സുപ്രീം കോടതി  ഹര്‍ജി  തളളുകയായിരുന്നു. 

അതേസമയം, അനിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. പെരന്പലൂര്‍, അരിയലൂര്‍ ജില്ലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം നല്‍കി. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. 

അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ ബി.ജെ.പിയാണെന്ന വിമര്‍ശനവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ബി.ജെ.പി ഓഫീസുകള്‍ക്ക്   സുരക്ഷ ശക്തമാക്കി. ചെന്നൈയില്‍ ഇടതുപാര്‍ട്ടികളും വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.  അതേസമയം, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷംരൂപ സഹായ ധനം പ്രഖ്യാപിച്ചു. 

തമിഴ്നാട്ടിൽ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ഹർഷവർദ്ധന്റെ തമിഴ്നാട് സന്ദർശനം മാറ്റിവച്ചു.
ദേശീയ ഹരിതട്രൈബ്യൂണലിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ചെന്നൈയിൽ എത്താനിരുന്നതായിരുന്നു കേന്ദ്രമന്ത്രി. മറ്റ് തിരക്കുകൾ ഉള്ളതിനാൽ യാത്ര റദ്ദാക്കിയെന്നാണ് വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്