
വര്‍ഷം 1987. ഡിസംബറില്‍ എംജിആറിആറിന്റെ മരണശേഷം ഇടക്കാല മുഖ്യമന്ത്രിയായി അധികാരമേറ്റ വി ആര്‍ നെടുഞ്ചേഴിയന്‍ ഒ പി എസ്സിന് സമാനമായ ഒരു വാദമുന്നയിച്ചു. താന്‍ ഇടക്കാലമുഖ്യമന്ത്രിയല്ല. എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന് വേണ്ടി തന്നെ മാറ്റേണ്ട കാര്യവുമില്ല. നെടുഞ്ചേഴിയന്റെ വാക്കുകള്‍ ആരും വിലയ്‌ക്കെടുത്തില്ല. 1988 ജനുവരിയില്‍ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായി. ഇന്ന് ശശികലയ്‌ക്കെതിരെ ആദ്യം കലാപക്കൊടിയുയര്‍ത്തിയ പി എച്ച് പാണ്ഡ്യന്‍ അന്ന് സ്പീക്കറാണ്. 97 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടിരുന്ന ജാനകി രാമചന്ദ്രനെ അന്ന് ഗവര്‍ണര്‍ എസ് എല്‍ ഖുരാന മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു വ്യവസ്ഥ. ജാനകിയെ തോല്‍പിയ്ക്കാന്‍ ജയലളിത കോണ്‍ഗ്രസുമായി ഒത്തുകളിച്ചു. ജയലളിതയുടെ പക്ഷത്തുണ്ടായിരുന്ന 33 എംഎല്‍എമാരെ അന്നും ഇന്നത്തേതിന് സമാനമായ രീതിയില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തേയ്ക്ക് കടത്തിക്കൊണ്ടുപോയി. ഇന്നത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ തിരുനാവുക്കരസും പഴയ അണ്ണാ ഡിഎംകെ നേതാവ് കെകെഎസ്എസ്ആര്‍ രാമചന്ദ്രനുമായിരുന്നു ഇതിന് പിന്നില്‍. കോണ്‍ഗ്രസും ജയലളിത പക്ഷവും ജാനകിയ്‌ക്കെതിരായി വോട്ടുചെയ്യാനായിരുന്നു പദ്ധതി. 61 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസും 33 എംഎല്‍എമാരുണ്ടായിരുന്ന ജയലളിത പക്ഷവും മറ്റ് കക്ഷികളും ഒന്നിച്ചാല്‍ ജാനകിയെ തറപറ്റിയ്ക്കാമെന്ന് ജയലളിത കണക്കുകൂട്ടി. പക്ഷേ, ജയലളിതയ്ക്ക് തിരിച്ചടിയായി വിശ്വാസവോട്ടെടുപ്പിന്റെ ദിവസം നടന്‍ ശിവാജി ഗണേശന്റെ നേതൃത്വത്തിലുള്ള അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് രാജിവെച്ചുകൊണ്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇതോടെ കോണ്‍ഗ്രസില്‍ പിളര്‍പ്പ് മുന്നില്‍ കണ്ട എഐസിസി ഇടപെട്ടു. ഇതോടെ അണ്ണാ ഡിഎംകെ എംഎല്‍എമാരെ ഓരോരുത്തരെയായി വിളിച്ച് സ്പീക്കര്‍ പി എച്ച് പാണ്ഡ്യന്‍ വോട്ട് രേഖപ്പെടുത്തിത്തുടങ്ങി. പാര്‍ട്ടി വിപ്പ് ലംഘിച്ച് ജാനകിയ്‌ക്കെതിരെ വോട്ട് ചെയ്തവരെ അയോഗ്യരാക്കുകയും അല്ലാത്തവരുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്ത പാണ്ഡ്യന്റെ വിവാദ നീക്കം നിയമസഭയില്‍ വലിയ കോളിളക്കമുണ്ടാക്കി. തുടര്‍ന്ന് നിയമസഭയില്‍ കൂട്ടത്തല്ല്. ജയലളിതയുടെയും ജാനകിയുടെയും പക്ഷങ്ങളും ഡിഎംകെ അംഗങ്ങളും നടുത്തളത്തില്‍ ഏറ്റുമുട്ടി. തല്‍ക്കാലത്തേയ്ക്ക് നിയമസഭ നിര്‍ത്തി വെച്ചെങ്കിലും പിന്നീട് സഭ ചേര്‍ന്ന് ശബ്ദവോട്ടോടെ പി എച്ച് പാണ്ഡ്യന്‍ ജാനകിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സ്പീക്കറുടെ ഈ തീരുമാനം ഉടനടി തള്ളിയ ഗവര്‍ണര്‍ സംസ്ഥാനനിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിയ്ക്കുകയും ചെയ്തു. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിശ്വാസവോട്ട് തമിഴ്‌നാട്ടില്‍ വരുത്തിവെച്ചത് രാഷ്ട്രപതിഭരണമാണെങ്കില്‍ ഇത്തവണ സ്ഥിരതയുള്ള ഒരു ഭരണം ലഭിയ്ക്കുമോ അതോ ചരിത്രം ആവര്‍ത്തിയ്ക്കുമോ എന്നത് കാത്തിരുന്നു കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam