
വാളയാര്‍: കോയമ്പത്തൂർ ചാവടിക്ക് സമീപം കല്ലേറിൽ ലോറി ക്ലീനർ മരിച്ച സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി. ദൃക്സാക്ഷിയായ ഡ്രൈവറുടെ മൊഴിയിലെ വൈരുധ്യത്തിൽ ദുരൂഹത ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. തമിഴ്നാട്ടിലെ ലോറി ഉടമകളുടെ സംഘടനകളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
ആക്രമിക്കപ്പെട്ട ലോറിയുടെ ഡ്രൈവർ പാലക്കാട് കസബ പൊലീസിന് നൽകിയ വിവരങ്ങൾ പൂർണമായി സത്യമല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആക്രമണമുണ്ടായ സ്ഥലവും സമയവും ആദ്യം തെറ്റായി നൽകിയ ഡ്രൈവർ നൂറുളള, പിന്നീടത് തിരുത്തുകയായിരുന്നു. മുബാറക് ബാഷ എന്നാണ് മരിച്ച ക്ലീനറുടെ പേരെന്ന് ജില്ലാ ആശുത്രിയിലും കസബ പൊലീസിലും ഇയാൾ നൽകിയ വിവരം.
എന്നാൽ ക്ലീനറുടെ പേര് വിജയ് മുരുകേശ് ആണെന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ആധാറിലും ഈ പേരുതന്നെ. വിജയ് മതം മാറിയെന്ന് നൂറുളള ആവർത്തിച്ചെങ്കിലും പൊലീസ് ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ല. ബന്ധുക്കളും ഇത് നിഷേധിക്കുന്നു. ചാവടിക്കും എട്ടിമടയ്ക്കും ഇടയിൽ വച്ചാണ് ആക്രമണം നടന്നിരിക്കുന്നത്.
പൊട്ടിയ ചില്ലുകൾപ്പെടെ സംഭവ സ്ഥലത്തുനിന്ന് ഫൊറൻസിക് സംഘം കണ്ടെടുത്തു. നെഞ്ചിനേറ്റ പരിക്കുമൂലമാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇത്രയും വലിയ കല്ലേറ് നടന്നോ എന്ന് ചാവടി പൊലീസും സംശയിക്കുന്നുണ്ട്. സംഭവം നടന്നതായി പറയുന്ന പുലർച്ചെ ഒന്നിന് ഇതുവഴി കടന്നുപോയ ലോറി ഡ്രൈവർമാരെ കണ്ടെത്തി വ്യക്തത വരുത്താനും പൊലീസ് ശ്രമം തുടങ്ങി. കേരളത്തിലെ ലോറി ഉടമകളുടെയോ , സമരാനുകൂലികളുടെ സംഘടനകളോ അല്ല ആക്രമണത്തിന് പുറകിലെന്ന് നേരത്തെ തന്നെ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam