പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനമായി തമിഴ്നാട്

By Web TeamFirst Published Jan 1, 2019, 5:00 PM IST
Highlights

തമിഴ്നാട് ഇന്ന് മുതല്‍ പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനമാണ്. നിരോധിത ഉത്തരവ് ലംഘിക്കുന്ന വ്യാപാരികള്‍ക്ക് എതിരെ കര്‍ക്കശ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

ചെന്നൈ: പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനമായി തമിഴ്നാട്. നിരോധിത ഉത്തരവ് ലംഘിക്കുന്ന വ്യാപാരികള്‍ക്ക് എതിരെ കര്‍ക്കശ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം പ്ലാസ്റ്റിക്ക് നിരോധനം പൂര്‍ണ്ണമായി നടപ്പാക്കാന്‍ ആകില്ലെന്നാണ് വ്യാപാര സംഘടനയുടെ നിലപാട്.

ഒരിക്കല്‍ ഉപയോഗിച്ചതിന് ശേഷം മാലിന്യമായി തള്ളുന്ന 14ഇനം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്. എല്ലാ വലിപ്പത്തിലുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, കുടിവെള്ള പാക്കറ്റുകള്‍, സ്ട്രോ,പ്ലാസ്റ്റിക്ക് കൊടികള്‍, പ്ലാസ്റ്റിക്ക് ആവരണമുള്ള കപ്പുകള്‍ തുടങ്ങിയവ നിരോധന പട്ടികയില്‍ ഉണ്ട്. പകരം തുണി,മുള,പേപ്പര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച സഞ്ചികളും സെറാമിക് പ്ലേറ്റുകള്‍,മണ്‍പാത്രങ്ങള്‍ പോലുള്ള പ്രകൃതി സൗഹൃത വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് 1,200 കമ്പനികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിലവില്‍ കൈവശമുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ഈ മാസം 15നകം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഉടമകള്‍ കൈമാറണം.

കച്ചവട സ്ഥാപനങ്ങള്‍ക്ക് പിഴവിധിക്കുകയോ കട സീല്‍ വയ്ക്കുകയോ ചെയ്താല്‍ സംസ്ഥാന വ്യാപകമായി കടയടച്ച് പ്രക്ഷോപം നടത്താനാണ് തമിഴ്നാട് വ്യാപാര സംഘടനയുടെ തീരുമാനം.നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് വ്യാപാര സംഗടന മദ്രാസ് ഹൈക്കോടതി സമീപിച്ചിരുന്നെങ്കിലും കോടതി ഇടപെടാന്‍ വിസ്സമതിച്ചിരുന്നു.ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ആയിരത്തോളം സ്ക്വാഡുകളെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.കേരളം അടക്കമുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്ക് എത്തുന്നത് തടയാന്‍ അതിര്‍ത്തിയിലും സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.
 

click me!