തമിഴ്‍നാട്; സ്പീക്കർ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകിയേക്കും

Published : Feb 19, 2017, 02:09 AM ISTUpdated : Oct 04, 2018, 06:36 PM IST
തമിഴ്‍നാട്; സ്പീക്കർ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകിയേക്കും

Synopsis

ചെന്നൈ: തമിഴ്‍നാട് നിയമസഭയിൽ ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് സ്പീക്കർ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകിയേക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് ഇനിയങ്ങോട്ട് കാര്യങ്ങൾ എളുപ്പമാകില്ല. ഡിഎംകെയുടെ കടുത്ത എതിർപ്പും ഒ പനീർശെൽവം നയിക്കുന്ന വിമത ക്യാമ്പിന്റെ നീക്കങ്ങളും  സർക്കാരിന് തലവേദനയുണ്ടാക്കും.

കണക്കിലെ കളിയിൽ ജയിച്ചത്  പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ശശികല പക്ഷമാണെങ്കിലും രാഷ്ട്രീയപ്രതിസന്ധികൾ ഇനിയും അണ്ണാ ഡിഎംകെയ്ക്ക് മുന്നിൽ ബാക്കിയാണ്. പാർട്ടിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാനുള്ള വിപ്പ് ലംഘിച്ചതിനാൽ സർക്കാരിനെതിരെ വോട്ട് ചെയ്യുകയോ വിട്ടു നിൽക്കുകയോ ചെയ്ത 12 എം എൽ എമാർ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യരാക്കപ്പെട്ടേയ്ക്കും. അങ്ങനെയെങ്കിൽ ഒറ്റയടിക്ക് 12 എംഎൽഎമാരെയാണ് പാർട്ടിയ്ക്ക് നഷ്ടമാവുക.

സ്പീക്കർ പി ധനപാൽ നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിനെക്കുറിച്ച് ഗവർണർ സി വിദ്യാസാഗർ റാവുവിന് റിപ്പോർട്ട് നൽകുന്നുണ്ട്. പ്രതിപക്ഷത്തെ മുഴുവൻ പുറത്താക്കി നടത്തിയ ഈ തെര‍ഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധമാണെന്ന് ഡിഎംകെ ഗവർണർക്ക് പരാതി നൽകിക്കഴിഞ്ഞു. സഭയ്ക്കകത്ത് എന്തു നടക്കണമെന്നത് സ്പീക്കറുടെ വിവേചനാധികാരമാണെന്നതിനാൽ ഗവർണർ ഇതിലിടപെട്ടേയ്ക്കില്ല.

സഭയിൽവെച്ച് ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് അഴിഞ്ഞ ഷർട്ടുമായാണ് ഇന്നലെ പ്രതിപക്ഷനേതാവ് സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടത്. ഇനിയുള്ള ദിവസങ്ങളിൽ സർക്കാരിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്ന കാര്യം ഡിഎംകെ ആലോചിക്കുന്നുണ്ട്. ഇപ്പോൾ തിരിച്ചടി നേരിട്ടെങ്കിലും ഒ പനീർശെൽവം ക്യാമ്പിന്റെ തുടർ നീക്കങ്ങളിൽ സർക്കാരിന് ആശങ്കയുണ്ട്. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് സർക്കാരിനെതിരെ പ്രചാരണം നടത്താൻ നേരത്തെ പനീർശെൽവം തീരുമാനം എടുത്തിരുന്നു.  

നിയോജക മണ്ഡലത്തിൽ വരാതെ റിസോട്ടിൽ താമസിച്ച എംഎൽഎമാർക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാകുന്നുണ്ട്.  നിയസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിനു ശേഷം മുഖ്യമന്ത്രി ഇടപ്പടി കെ പളനിസാമി ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജെയിലിലെത്തി ശശികലയെ കാണുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ജയിലിൽ കഴിയുന്ന കുറ്റവാളിയെ മുഖ്യമന്ത്രി സന്ദർശിക്കുന്നത് നിയമപരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കും എന്ന ആശങ്കയും ഇടപ്പാടി ക്യാമ്പിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതിയ എകെജി സെൻ്റർ പ്രമുഖ കോർപ്പറേറ്റ് ഭീമൻ്റെ കാണിക്കയെന്ന് ചെറിയാൻ ഫിലിപ്പ് , ഒരു പ്രസ്ഥാനമായിരുന്ന സിപിഎം ഇപ്പോൾ ഒരു സ്ഥാപനമാണ്
ട്രംപിന് ഇന്ത്യയോട് ഭയങ്കര 'കെയര്‍', ഇന്ത്യ - യുഎസ് ബന്ധത്തിന് പ്രസിഡന്‍റ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അംബാസഡർ സെർജിയോ ഗോർ