ജർമനിയിലെ ഡോർട്ട്മുണ്ടിൽ ഒരു യൂറോയ്ക്ക് കബാബ് നൽകിയ ഫാസ്റ്റ് ഫുഡ് കടയ്ക്ക് മുന്നിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസും ഹെലികോപ്റ്ററും രംഗത്തെത്തി. അക്രമ സംഭവങ്ങളെ തുടർന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു യൂറോയ്ക്ക് കബാബ് നൽകുമെന്ന പരസ്യത്തിന് പിന്നാലെ ജനക്കൂട്ടം ഇരച്ചെത്തി. ഒടുവിൽ തിരക്ക് നിയന്ത്രണാതീതമായതോടെ ജർമൻ നഗരമായ ഡോർട്ട്മുണ്ടിൽ സംഘർഷം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നൂറോളം പൊലീസുകാരെയും ഹെലികോപ്റ്ററിനെയുമാണ് നഗരത്തിൽ വിന്യസിച്ചതെന്ന് റിപ്പോർട്ടുകൾ.
കബാബ് വെറും ഒരു യൂറോയ്ക്ക്!
പുതുതായി ആരംഭിച്ച ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിന്‍റെ പ്രചാരണാർത്ഥമാണ് ഉടമ പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്. സാധാരണയായി 7.50 മുതൽ 9 യൂറോ വരെ വിലയുള്ള കബാബ് കേവലം ഒരു യൂറോയ്ക്ക് വിൽക്കുമെന്നായിരുന്നു വാഗ്ദാനം. ഓഫർ വിവരം അറിഞ്ഞ് മുതിർന്നവരും കുട്ടികളും അടക്കം വൻ ജനക്കൂട്ടം കടയ്ക്ക് മുന്നിലേക്ക് എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.
ആദ്യം സ്ഥിതിഗതികൾ ശാന്തമാക്കാൻ കടയുടമ സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാൻ അവർക്ക് സാധിച്ചില്ല. തുടർന്നാണ് ഉടമ പൊലീസിന്‍റെ സഹായം തേടിയത്. കടയ്ക്ക് മുന്നിൽ ഏകദേശം 300 -ഓളം പേർ തടിച്ചുകൂടിയെന്നാണ് പൊലീസിന്‍റെ കണക്കെങ്കിൽ, ആയിരത്തിലധികം ആളുകൾ എത്തിയെന്നാണ് ഉടമ അവകാശപ്പെടുന്നത്.
ഒടുവിൽ ഹെലികോപ്റ്ററും
പൊലീസുകാർക്ക് നേരെ ജനക്കൂട്ടത്തിൽ ചിലർ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിയാൻ തുടങ്ങിയതോടെ പ്രദേശം സംഘർഷഭരിതമായി. സ്ഥിതി വഷളായതിനെ തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തുകയും നിരീക്ഷണത്തിനായി ഹെലികോപ്റ്റർ രംഗത്തിറക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളിൽ നിന്ന് വെടിയുണ്ടകളില്ലാത്ത ഒരു തോക്ക് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, സമാധാനാന്തരീക്ഷം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസ് എടുത്തു. അതേസമയം, ആവശ്യത്തിന് സുരക്ഷയൊരുക്കാതെ ഓഫർ പ്രഖ്യാപിച്ച് സംഘർഷത്തിന് വഴിവെച്ച കടയുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന കാര്യത്തിൽ പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.














