ഉത്തര്‍പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

By Web DeskFirst Published Feb 18, 2017, 8:14 PM IST
Highlights

ഉത്തര്‍പ്രദേശിലെ അവദ് മേഖലയിൽ ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. സമാജ് വാദി പാര്‍ടിയുടെ ജന്മനാടായ ഇട്ടാവ ഉൾപ്പടെയുള്ള 69 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. സമാജ് വാദി പാര്‍ടിയും ബി.ജെ.പിയും തമ്മിലാകും ഈ ഘട്ടത്തിലെ പ്രധാന ഏറ്റുമുട്ടൽ.

2012ലെ തെരഞ്ഞെടുപ്പിൽ 69ൽ 55 സീറ്റ് നേടി ഉത്തര്‍പ്രദേശിന്‍റെ ഹൃദയഭാഗമായ അവദ് മേഖല എസ് പി പിടിച്ചെങ്കിലും 2014ൽ ബി ജെ പി ഇവിടുത്തെ സീറ്റുകൾ തൂത്തുവാരി. 54 ഇടത്താണ് ബി ജെ പി വിജയിച്ചത്. പക്ഷെ, ആ സ്ഥിതി മാറിയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മായാവതി നടത്തുന്നത്.

ഇട്ടാവക്ക് പുറമെ ലക്നൗ, ബാരബങ്കി, സീതാപൂര്‍, ഹര്‍ദോയ്, ഫറൂഖാബാദ് ഉൾപ്പടെ 12 ജില്ലകളാണ് ഈ ഘട്ടത്തിലുള്ളത്. ന്യൂനപക്ഷ വോട്ടുകൾക്ക് പുറമെ യാദവ് വോട്ടുകളും ഈ ഘട്ടത്തിൽ നിര്‍ണായകമാണ്. 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലായി 2 കോടി41 ലക്ഷം വോട്ടര്‍മാരാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് എത്തുക. ജവാബ് ദേഗാ ജസ് വന്ത് നഗര്‍ എന്ന പ്രചരണവുമായി അഖിലേഷ് യാദവിനെതിരെ പൊരുതുന്ന ശിവ്പാൽ യാദവ് യാദവ്, മുലായംസിംഗ് യാദവിന്‍റെ ഇളയ മരുമകൾ അപര്‍ണ യാദവ്, റീത്ത ബഹുഗുണ ജോഷി ഉൾപ്പടെ ഒരുപാട് പ്രമുഖരാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്.

സമാജ് വാദി പാര്‍ടിയെ സംബന്ധിച്ച് ഏറെ പ്രധാന്യമേറിയതാണ് ഈ ഘട്ടത്തിലെ വോട്ടെടുപ്പ് എന്നതിലുപരി സമാജ് വാദി പാര്‍ടിയുടെ ജന്മനാടായ ഇട്ടാവയിൽ എന്തുസംഭവിക്കും എന്നതും ഏവരും ഉറ്റുനോക്കുന്നു.


 

click me!