ശിവസേനക്ക് പിന്നാലെ എൻഡിഎ വിടുമെന്ന സൂചന നൽകി തെലുങ്കുദേശം പാർട്ടിയും

By Web DeskFirst Published Feb 3, 2018, 9:04 AM IST
Highlights

ശിവസേനക്ക് പിന്നാലെ എൻഡിഎ വിടുമെന്ന സൂചന നൽകി തെലുങ്കുദേശം പാർട്ടിയും. ബിജെപിയുമായി സഖ്യം തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ഞായറാഴ്ച അടിയന്തരയോഗം വിളിച്ചു. കേന്ദ്രബജറ്റിൽ ആന്ധ്രാപ്രദേശിനെ അവഗണിച്ചതാണ് ഏറ്റവുമൊടുവിൽ ടിഡിപിയെ ചൊടിപ്പിച്ചത്. ശിവസേനക്ക് പിന്നാലെ തെലുങ്കുദേശം പാർട്ടിയും ബിജെപിയോട് എതിർപ്പ് പരസ്യമാക്കുകയാണ്. ആന്ധ്രാപ്രദേശിൽ ബിജെപി സംസ്ഥാന ഘടകവുമായി തുടരുന്ന അഭിപ്രായ ഭിന്നതകൾക്ക് പുറമെ കേന്ദ്ര ബജറ്റിലെ അവഗണനയും ടിഡിപി വിഷയമാക്കുന്നു.

ആന്ധ്രയെക്കുറിച്ച് ഒരു പരാമർശവും പോലുമില്ലാത്ത കേന്ദ്രബജറ്റ് സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന വിമർശനമാണ് ടിഡിപി നേതാക്കൾ ഉന്നയിക്കുന്നത്. വിശാഖപട്ടണത്തിന് പുതിയ റെയിൽവേ സോണും തലസ്ഥാനമായ അമരാവതിക്ക് പ്രത്യേക പദ്ധതികളുമെല്ലാം സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ബജറ്റ് നിരാശപ്പെടുത്തിയതോടെ എൻഡിഎയിൽ തുടരുന്നതിൽ കാര്യമില്ലെന്നറിയിച്ച് ചില എംപിമാർ രാജിക്കൊരുങ്ങിതയാണ് റിപ്പോർട്ട്.ഇവരുമായി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ചർച്ച നടത്തി.എംപിമാരുൾപ്പെടെ മുതിർന്ന നേതാക്കളുടെ അടിയന്തര യോഗം ഞായറാഴ്ച അമരാവതിയിൽ അദ്ദേഹം വിളിച്ചുചേർത്തിട്ടുണ്ട്. എൻഡിഎയിൽ തുടരുന്നത് അടക്കമുളള കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. 

കേന്ദ്ര അവഗണനയിൽ അമർഷമറിയിച്ച നായിഡു എംപിമാരുടെ പരസ്യ പ്രതികരണവും വിലക്കി.പ്രത്യേക പദവിയടക്കം സംസ്ഥാന വിഭജനത്തിന് ശേഷം അർഹമായതൊന്നും ആന്ധ്രയ്ക്ക് അനുവദിക്കുന്നില്ലെന്നും ടിഡിപിക്ക് പരാതിയുണ്ട്. അതേ സമയം മുഖ്യപ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് ബിജെപിയുമായി അടുക്കുന്നതും ടിഡിപിയുടെ ആശങ്കയാണ്. ദക്ഷിണേന്ത്യയിലെ വലിയ ഘടകകക്ഷിയായ ടിഡിപി കടുത്ത നിലപാടെടുക്കും മുമ്പ് അനുരഞ്ജന ചർച്ചകൾക്കായി ബിജെപിയും നീക്കം തുടങ്ങിയിട്ടുണ്ട്.

click me!