യൂണിഫോം വിതരണത്തിലെ പിഴവ് അറിയിച്ച അധ്യാപകന് സസ്‍പെന്‍ഷന്‍; വിദ്യാഭ്യാസ വകുപ്പ് പക തീര്‍ക്കുന്നു

By Web DeskFirst Published May 28, 2017, 2:09 PM IST
Highlights

കോഴിക്കോട്: കൈത്തറി യൂണിഫോം വിതരണത്തില്‍ പരാതിയറിയിച്ച  പ്രധാനാധ്യാപകന് സസ്‍പെന്‍ഷന്‍. കോഴിക്കോട് തോപ്പയില്‍ ഗവ. എല്‍.പി സ്കൂളിലെ പ്രധാന അധ്യാപകന്‍ രാമകൃഷ്ണനെയാണ് സസ്‍പെന്‍ഡ് ചെയ്തത്. യൂണിഫോം വിതരണത്തിലെ പോരായ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികാര നടപടി.

രാമകൃഷ്ണന്‍ പഠിപ്പിക്കുന്ന തോപ്പയില്‍ ഗവ. എല്‍.പി സ്കൂളില്‍ മതിയായ അളവില്‍ യൂണിഫോം തുണി എത്തിയിരുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് രണ്ട് സെറ്റ് യൂണിഫോമിനായി 140 മീറ്റര്‍ തുണി വേണ്ടിടത്ത് 53 മീറ്റര്‍ മാത്രമേ എത്തിയിട്ടുള്ളൂവെന്നായിരുന്നു പ്രധാന അധ്യാപകനായ രാമകൃഷ്ണന്‍ വെളിപ്പെടുത്തിയത്. മാത്രമല്ല സ്കൂള്‍ ആവശ്യപ്പെട്ട നിറമല്ല കിട്ടിയ യൂണിഫോം തുണിക്കെന്നും രാമകൃഷ്ണന്‍  പറഞ്ഞിരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയതിനാണ് വിദ്യാഭ്യാസവകുപ്പ് രാമകൃഷ്ണനോട് പ്രതികാരം ചെയ്തത്. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൈത്തറി യൂണിഫോം വിതരണത്തിന്റെ ശോഭ കെടുത്തുന്നതായി രാമകൃഷ്ണന്റെ പ്രതികരണമെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവിലെ പ്രധാന കുറ്റപ്പെടുത്തല്‍. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഉത്തരവ് രാമകൃഷ്ണന് കിട്ടിയത്. യൂണിഫോം വിതരണത്തിലെ അപാകത സംബന്ധിച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടതിനെ തുടര്‍ന്ന്  ഇതേ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. വിതരണത്തില്‍ അപാകതയുണ്ടെന്ന് മനസിലാക്കിയതിനൊപ്പം രാമകൃഷ്ണനെ സസ്‍പെന്‍ഡ് ചെയ്യുകയുമായിരുന്നു.
 

click me!